“അവിശ്വനീയമാണ് ആ പാസ്, മെസിക്ക് രഹസ്യമായ എന്തോ കഴിവുണ്ട്”- നെതർലൻഡ്‌സ് താരം പറഞ്ഞത് വെളിപ്പെടുത്തി ഡി ജോംഗ്

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ തകർപ്പൻ പ്രകടനമാണ് അർജന്റീന നായകനായ ലയണൽ മെസി നടത്തിയത്. ഒരു പെനാൽറ്റി ഗോൾ നേടിയ താരം അർജന്റീന നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. നാഹ്വൽ മോളിന നേടിയ ആദ്യത്തെ ഗോളിനുള്ള മെസിയുടെ പാസ് ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റുകളിൽ ഒന്നാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നെതർലാൻഡ്‌സ് പിന്നീട് തിരിച്ചു വന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം നേടി സെമിയിലേക്ക് മുന്നേറിയത്.

മത്സരത്തിൽ ലയണൽ മെസി ആദ്യഗോളിനായി നൽകിയ പാസിനെ പ്രശംസിക്കുകയാണ് ഹോളണ്ട് താരവും ബാഴ്‌സലോണയിൽ ലയണൽ മെസിയുടെ മുൻ സഹതാരവുമായി ഫ്രങ്കീ ഡി ജോങ്. ആ പാസ് തന്നെ മാത്രമല്ല, ഹോളണ്ടിന്റെ പ്രതിരോധതാരമായ വാൻ ഡൈക്കിനെയും വിസ്‌മയിപ്പിച്ചുവെന്നാണ് ഡി ജോംഗ് പറയുന്നത്. എല്ലാ പഴുതുകളും അടച്ചിട്ടും ലയണൽ മെസി എങ്ങിനെയാണ് ആ പാസ് നൽകിയതെന്നും മെസിയൊരു സാധാരണ മനുഷ്യൻ അല്ലെന്നുമാണ് വാൻ ഡൈക്ക് അതിനു ശേഷം പറഞ്ഞതെന്നാണ് ഫ്രങ്കീ ഡി ജോംഗ് വെളിപ്പെടുത്തുന്നത്.

“ലോകകപ്പിൽ ഞങ്ങൾക്കു മുൻപിൽ ലയണൽ മെസി നൽകിയ പാസ് ഞാനൊരിക്കലും മറക്കില്ല, അവിശ്വസനീയമായ പാസ്, സ്വപ്‌നത്തിൽ പോലും അത് സാധ്യമായതല്ല. വാൻ ഡൈക്ക് ആ മത്സരത്തിനു ശേഷം എന്നോട് അതേപ്പറ്റി പറഞ്ഞു. ലയണൽ മെസിയൊരു സാധാരണ മനുഷ്യനല്ലെന്നും, എന്തോ ഒരു രഹസ്യം മെസിയുടെ ഉള്ളിലുണ്ടെന്നും, എങ്ങിനെയാണ് ആ പാസ് താരം നൽകിയതെന്നുമാണ് വാൻ ഡൈക്ക് എന്നോട് ചോദിച്ചത്.”

“ഗോളിലേക്കുള്ള എല്ലാ വഴികളും, മെസിയുടെ കാഴ്‌ച പോലും അടച്ചുവെന്നാണ് വാൻ ഡൈക്ക് പറഞ്ഞത്. നമ്മൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെയാണ് നേരിടുന്നതെന്ന് ഞാനപ്പോൾ പറഞ്ഞു. എന്താണ് താരം ഓരോ നിമിഷത്തിലും ചെയ്യുകയെന്ന് പറയാൻ കഴിയില്ലെന്നും ഞാനെന്റെ ജീവിതത്തിൽ ഇങ്ങിനെ ഒരാളെയും ഇതുവരെ കണ്ടിട്ടില്ലെന്നും ഞാൻ പറഞ്ഞു.” ഡി ജോംഗ് പറഞ്ഞു.

ലോകകപ്പിലുടനീളം മിന്നുന്ന പ്രകടനമാണ് ലയണൽ മെസി നടത്തിയത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം ടൂർണമെന്റിൽ സ്വന്തമാക്കി. ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരവും ലയണൽ മെസിക്ക് തന്നെയായിരുന്നു. ലോകകപ്പ് നേട്ടത്തോടെ ക്ലബ് തലത്തിലും ദേശീയ ടീമിനുമായി സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കാനും മെസിക്കായി.