റൊണാൾഡോയുടെ പിൻഗാമിയല്ല, ഇവൻ റൊണാൾഡോ തന്നെ; അവിശ്വസനീയ ബൈസിക്കിൾ കിക്ക് ഗോളുമായി ഗർനാച്ചോ | Garnacho
അർജന്റീന താരമാണെങ്കിലും താൻ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അലസാന്ദ്രോ ഗർനാച്ചോ നിരവധി തവണ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗർനാച്ചോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെറുമൊരു ആരാധകനോ താരത്തിന്റെ പിൻഗാമിയോ മാത്രമല്ല, മറിച്ച് റൊണാൾഡോ തന്നെയാണെന്നാണ് ഇന്നലെ എവർട്ടനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയ ഗോൾ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്.
മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഗർനാച്ചോയുടെ ഗോൾ വരുന്നത്. പിൻനിരയിൽ നിന്നും വന്ന ലോങ്ങ് പാസ് പിടിച്ചെടുത്ത റാഷ്ഫോഡ് അത് ഡീഗോ ദാലോട്ടിനു കൈമാറി, താരം അത് ബോക്സിലേക്ക് ക്രോസ് നൽകിയത് ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഗർനാച്ചോയുടെ പുറകിലേക്കാണ് വന്നത്. ക്ഷണനേരത്തിൽ പിന്തിരിഞ്ഞ താരം ഒരു തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ അത് വലയുടെ മൂലയിലേക്ക് പറഞ്ഞു വിട്ടു. ആ കിക്ക് തടുക്കാൻ എവർട്ടൺ ഗോൾകീപ്പർക്ക് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
These slo-mo angles of Garnacho’s goal just hit different 😮💨
pic.twitter.com/fnJKvAvZIW— Stretford Trends (@StretfordTrends) November 26, 2023
ഗർനാച്ചോ നേടിയ ഗോൾ അടുത്ത തവണ പുഷ്കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അത് നേടാൻ കഴിഞ്ഞാൽ ലയണൽ മെസിക്ക് പോലും സ്വന്തമാക്കാൻ കഴിയാത്ത ഒരു നേട്ടമാകും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ തേടിയെത്തുക. നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് മെസി നേടിയിട്ടില്ല. അർജന്റീനയിൽ നിന്നും എറിക് ലമേല മാത്രമാണ് ഈ അവാർഡ് നേടിയിരിക്കുന്നത്.
Garnacho’s goal with Peter Drury’s commentary hits even different pic.twitter.com/3rIM3PkWPU
— 𝐂𝐨𝐧𝐧𝐨𝐫 (@UtdEra_) November 27, 2023
അർജന്റീനയുടെ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ ഗർനാച്ചോക്ക് ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. താരം മികച്ച ഫോമിലല്ലെന്നും അതാണ് ടീമിൽ ഇടം പിടിക്കാതിരിക്കാനുള്ള കാരണമെന്നുമാണ് പരിശീലകൻ സ്കലോണി തുറന്നടിച്ചു പറഞ്ഞത്. എന്തായാലും അതിനുള്ള മറുപടി ഈ ഗോളിലൂടെ നൽകാൻ താരത്തിന് കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഫോം നിലനിർത്താൻ കഴിഞ്ഞാൽ അടുത്ത കോപ്പ അമേരിക്ക ടീമിലും താരമുണ്ടാകും.
ഗർനാച്ചോ നേടിയ ഗോളിന്റെ ആവേശത്തിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. എവർട്ടണിന്റെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. മത്സരത്തിൽ അർജന്റീന താരത്തിന് പുറമെ മാർക്കസ് റാഷ്ഫോഡ്. ആന്റണി മാർഷ്യൽ എന്നിവരും ഗോൾ നേടി. വിജയത്തോടെ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേക്ക് മുന്നേറാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്.
Garnacho Scored Stunning Bicycle Kick Goal