“ജീവിതത്തിലെ ഏറ്റവും മനോഹര രാത്രിയാസ്വദിക്കാൻ മെസിയെ സമ്മതിക്കില്ല”- മുന്നറിയിപ്പുമായി ഫ്രാൻസ് സ്ട്രൈക്കർ ജിറൂദ്
ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടം നാളെ രാത്രി ഖത്തറിലെ ലുസൈൽ മൈതാനിയിൽ നടക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അവിടെക്കാവും. ഫ്രാൻസും അർജന്റീനയും തമ്മിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ലയണൽ മെസിയിലേക്കും ലോകത്തിന്റെ ശ്രദ്ധ മുഴുവനും തിരിയും. ചരിത്രത്തിലെ മികച്ച താരത്തിന് ലോകകപ്പ് നേടാൻ കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. എന്നാൽ ലയണൽ മെസിയെ എന്ത് വില കൊടുത്തും തടയുമെന്നാണ് ഫ്രാൻസ് സ്ട്രൈക്കർ ജിറൂദ് പറയുന്നത്.
“മെസി അവിശ്വസനീയ താരമാണ്. എന്നാൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി ആസ്വദിക്കാൻ താരത്തെ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങൾക്കീ മത്സരം വിജയിക്കണം, ഞങ്ങൾക്കീ ലോകകപ്പ് വേണം. മെസിയെ തടുക്കാൻ ഞങ്ങൾ എല്ലാ രീതിയിലും ശ്രമിക്കും. എന്നാൽ മെസി മാത്രമല്ല ആ ടീമിലുള്ളത്. ഒരുമിച്ച് പോരാടുന്ന മികച്ച താരങ്ങൾ അർജന്റീന സ്ക്വാഡിലുണ്ട്. അതുകൊണ്ടാണവർ കരുത്തുറ്റ ടീമായതെന്ന് ഞാൻ കരുതുന്നു.”
Giroud isn't here for Messi's fairytale ending 😤 pic.twitter.com/4jq2yrSiDQ
— ESPN UK (@ESPNUK) December 15, 2022
ലയണൽ മെസിയെ തടുക്കാനുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒലിവർ ജിറൂദ് മധ്യനിരയിലെ കഠിനാധ്വാനിയായ താരമായ എൻഗോളോ കാന്റെയുടെ അഭാവത്തെ കുറിച്ചും പറഞ്ഞു. “2018ൽ നടന്ന മത്സരം ഞാനോർക്കുന്നു. എൻഗോളോ കാന്റെ എല്ലാ സമയത്തും മെസിയുടെ പിന്നാലെയുണ്ടായിരുന്നു. പക്ഷെ ഇത്തവണ എന്തായിരിക്കും ടീമിന്റെ പദ്ധതി എന്നെനിക്ക് അറിയില്ല. മാനേജർ എന്താണ് പറയുന്നതെന്ന് നോക്കണം” ജിറൂദ് വ്യക്തമാക്കി.
ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഫ്രാൻസ് വമ്പന്മാരെ കീഴടക്കിയാണ് ഫൈനലിൽ എത്തിയത്. നോക്ക്ഔട്ട് ഘട്ടത്തിൽ പോളണ്ട്, ഇംഗ്ലണ്ട്, മൊറോക്കോ എന്നീ ടീമുകളെ തോൽപ്പിച്ച ഫ്രാൻസിന് എല്ലാ പൊസിഷനിലും ഒന്നിലധികം മികച്ച താരങ്ങളുണ്ട്. അതിനാൽ തന്നെ അർജന്റീനക്ക് കടുത്ത പോരാട്ടമായിരിക്കും ഫൈനലിൽ നേരിടേണ്ടി വരിക.