“അതാണ് ലക്ഷ്യമെങ്കിൽ ഒരാളും ടീമിൽ കളിക്കില്ല”- മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഗ്വാർഡിയോള
ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ലോകകപ്പ് ടൂർണമെന്റുകളെ അപേക്ഷിച്ച് ക്ലബ് സീസണിന്റെ ഇടയിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ താരങ്ങൾക്ക് പരിക്കേൽക്കാനും ലോകകപ്പ് നഷ്ടപ്പെടാനുമുള്ള സാധ്യതയുണ്ട്. ഇപ്പോൾ തന്നെ അർജന്റീന താരം ഏഞ്ചൽ ഡി മരിയ, ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ, മൈക്ക് മൈഗ്നൻ, യുറുഗ്വായ് താരം റൊണാൾഡ് അറോഹോ എന്നിവർക്ക് പരിക്കു മൂലം ലോകകപ്പ് നഷ്ടമാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.
ലോകകപ്പ് വളരെ വലിയ ടൂർണമെന്റായതിനാൽ തന്നെ അതിൽ കളിക്കുകയെന്നത് താരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമായിരിക്കും. അതുകൊണ്ടു തന്നെ ക്ലബ് ഫുട്ബോൾ മത്സരങ്ങളിൽ പരിക്കു പറ്റാതിരിക്കാൻ കളിക്കാർ ശ്രദ്ധ പുലർത്താൻ സാധ്യതയുണ്ട്. അതേസമയം പരിക്കിനെ പേടിച്ചു കളിക്കുന്ന താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള. അങ്ങിനെയുള്ള താരങ്ങൾക്ക് തന്റെ ടീമിൽ ഇടം ലഭിക്കില്ലെന്നാണ് ഗ്വാർഡിയോള പറയുന്നത്.
“ആ സംശയമെനിക്ക് തോന്നിയാൽ അവർ പിന്നെ കളിക്കില്ല. ഞാനിതു പോലത്തെ കാര്യങ്ങൾ മണത്തറിയാൻ മിടുക്കനാണ്. കളിയിലെ തന്ത്രങ്ങളിൽ ആയിരിക്കില്ല, പക്ഷെ ഇതുപോലത്തെ കാര്യങ്ങൾ മണത്തറിയാൻ മിടുക്കനാണ്. അവർ തയ്യാറായില്ലെങ്കിൽ കളിക്കുമ്പോൾ പരിക്കു പറ്റുമെന്നതാണ് സംഭവിക്കാൻ പോകുന്നത്. നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് പരിക്കു പറ്റില്ല. ബ്രൈറ്റനാണ് എന്നെ ബാധിക്കുന്ന കാര്യം, ഈ ടീമും.” ഗ്വാർഡിയോള പറഞ്ഞു.
'He will not play if I smell this' – Pep Guardiola sends World Cup warning to Man City players #mcfc https://t.co/KFSn24t1ur
— Manchester City News (@ManCityMEN) October 22, 2022
“എനിക്കറിയാം, പക്ഷെ അവർക്ക് പല കാരണങ്ങൾ കൊണ്ട് ലോകകപ്പിലെ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അവസാനം വരെ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി രണ്ടാഴ്ച മാത്രമേയുള്ളൂ, നിങ്ങളിവിടെയുണ്ടെങ്കിൽ ലോകകപ്പിന് തീർച്ചയായും ഏറ്റവും മികച്ച രീതിയിലായിരിക്കും. അല്ലെങ്കിൽ നിങ്ങൾ പ്രശ്നത്തിലായിരിക്കും.” ഗ്വാർഡിയോള വ്യക്തമാക്കി.