മെസി തുടങ്ങി, മെസി തുടർന്നു, മെസി തന്നെ ഫിനിഷ് ചെയ്‌തു; ഈ സീസണിലെ ഏറ്റവും മികച്ച ടീം ഗോളുമായി പിഎസ്‌ജി

അയാക്‌സിയോക്കെതിരെ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ പിഎസ്‌ജി മികച്ച വിജയം നേടിയപ്പോൾ താരമായത് ലയണൽ മെസിയും കിലിയൻ എംബാപ്പയുമായിരുന്നു. മൂന്നു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ച മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും എംബാപ്പെ നേടിയപ്പോൾ മെസി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ടീമിലെ മറ്റൊരു സൂപ്പർതാരമായ നെയ്‌മറുടെ അഭാവത്തിലാണ് പിഎസ്‌ജി മികച്ച വിജയം സ്വന്തമാക്കി ലീഗിലെ പോയിന്റ് വ്യത്യാസം ആറാക്കി ഉയർത്തിയത്.

മത്സരത്തിലെ മികച്ച പ്രകടനത്തിനൊപ്പം മെസി നേടിയ ഗോളാണ് ഇപ്പോൾ ചർച്ചയായി ഉയരുന്നത്. ഈ സീസണിൽ യൂറോപ്പിലെ ലീഗുകളിൽ പിറന്ന ഏറ്റവും മികച്ച ടീം ഗോളുകളിലൊന്നായി കണക്കാക്കാൻ കഴിയുന്ന ഈ ഗോൾ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കവും മികച്ച പൊസിഷനിങ്ങും മൂവ്മെന്റുകളും കൊണ്ടു നിറഞ്ഞതായിരുന്നു. ലയണൽ മെസിയാണ് ആ ഗോളിൽ നിറഞ്ഞു നിന്നതെന്നാണ് അതിനെ ഏറ്റവും മനോഹരമാക്കുന്നത്.

ഗോളിലേക്കുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതു തന്നെ മെസിയായിരുന്നു. ആദ്യം ബെർനറ്റുമായി ഒരു വൺ-ടു നീക്കം നടത്തിയ താരം അതിനു ശേഷം എംബാപ്പയുമായും സമാനമായ നീക്കം നടത്തി. എംബാപ്പയുടെ മനോഹരമായ ബാക്ക്ഹീൽ പാസ് സ്വീകരിച്ചതിനു ശേഷം ഗോൾകീപ്പറെയും മറികടന്ന മെസി തന്റെ ഇടം കാലു കൊണ്ട് അതു വലയിലേക്ക് തട്ടിയിടുകയായിരുന്നു. ആ ഗോളിന്റെ ഏറ്റവും മനോഹാരിത ഒഴിഞ്ഞ ഇടങ്ങളിലേക്കുള്ള മെസിയുടെ മൂവ്മെന്റുകളും എംബാപ്പയുടെ ബാക്ക്ഹീൽ പാസുമായിരുന്നു.

മത്സരത്തിൽ ഇരട്ടഗോൾ നേടിയ എംബാപ്പെ നെയ്‌മറെ മറികടന്ന് ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു വന്നപ്പോൾ രണ്ട് അസിസ്റ്റുകൾ നേടിയ മെസി ലീഗിലെ അസിസ്റ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി. മെസിക്ക് ഒൻപത് അസിസ്റ്റാണ് നിലവിലുള്ളത്. ആറു ഗോളുകളും ലീഗിൽ നേടാൻ താരത്തിന് കഴിഞ്ഞു. എംബാപ്പയുടെ പേരിൽ പത്തും നെയ്‌മർ ഒൻപതും ഗോളുകളാണ് ലീഗിൽ നേടിയിരിക്കുന്നത്.