രണ്ടു ഗോളുണ്ടാക്കിയത് വലിയ മാറ്റം, കലിയുഷ്‌നിക്കു തന്നെ ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല

ഈ ഐഎസ്എൽ സീസണിലെ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനൊപ്പം ആരാധകർ ഏറ്റെടുത്ത പേരാണ് യുക്രൈൻ താരമായ ഇവാൻ കലിയുഷ്‌നിയുടേത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ പകരക്കാരനായിറങ്ങിയ ഇവാൻ കലിയുഷ്‌നി രണ്ടു മികച്ച ഗോളുകളാണ് നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചതും ഈ ഗോളുകൾ തന്നെയാണ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളായ യോർഹെ പെരേര ഡയസും അൽവാരോ വാസ്‌ക്വസും പുതിയ സീസണിൽ ഐഎസ്എല്ലിലെ മറ്റു ക്ലബുകളിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച രണ്ടു താരങ്ങളുടെയും അഭാവം ടീം എങ്ങിനെ നികത്തുമെന്ന ആശങ്കയിൽ ആരാധകർ നിന്നിരുന്ന സമയത്താണ് ഇടിമിന്നൽ പോലെ കൊച്ചിയുടെ മൈതാനത്തു ഇവാൻ കലിയുഷ്‌നി അവതരിച്ചത്. ഇപ്പോൾ ഇരുപത്തിനാലുകാരനായ യുക്രൈൻ താരത്തിലാണ് മുഴുവൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെയും പ്രതീക്ഷ.

കലിയുഷ്‌നിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ താരത്തിനുള്ള പിന്തുണ അവിശ്വസനീയമായ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനു മുൻപ് വെറും നാല്പത്തിയൊൻപതിനായിരത്തോളം പേർ മാത്രമാണ് ഇവാൻ കലിയുഷ്‌നിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്. വെറും പത്ത് മിനുട്ട് മാത്രം നടത്തിയ പ്രകടനമാണ് ഇത്രയും പിന്തുണ വർധിക്കാൻ കാരണമായതെന്നാണ് അതിലെ പ്രധാനപ്പെട്ട കാര്യം.

കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയതു തന്നെയാണ് യുക്രൈൻ താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം വലിയ രീതിയിൽ വർധിക്കാൻ കാരണമായത്. ഡൈനാമോ കീവ് അടക്കമുള്ള ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സൈൻ ചെയ്യുന്ന സമയത്ത് വെറും അയ്യായിരത്തോളം പേർ മാത്രമേ താരത്തെ ഇൻസ്റ്റാഗ്രാമിൽ താരത്തെ പിന്തുടർന്നിരുന്നുള്ളൂ. അതിൽ നിന്നാണ് ഇപ്പോൾ ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം എന്ന തലത്തിലേക്ക് താരത്തെ പിന്തുടരുന്നവരുടെ എണ്ണം ഉയർന്നത്.

ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ തന്നെ കലിയുഷ്‌നിയിൽ ആരാധകർക്കുള്ള പ്രതീക്ഷ വളരെ വലുതാണ്. താരം നേടിയ രണ്ടു ഗോളുകളും തീർത്തും വ്യത്യസ്‌തമായിരുന്നു എന്നതിനൊപ്പം ലോകോത്തര നിലവാരമുള്ളതായിരുന്നു എന്നതുമാണ് അതിനു കാരണം. മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും താരം ടീമിനൊരു മുതൽക്കൂട്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.