ഈ ആരാധകപിന്തുണ പറന്നുയരാൻ ചിറകുകൾ തരുന്നു, ഒരിക്കലും കൊച്ചിയിൽ എതിർടീമായി വരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇവാൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് തുടരുകയാണ്. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ ഹൈദരാബാദിനെ സ്വന്തം മൈതാനത്ത് ഒരു ഗോളിന് കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുകയാണ്. മറ്റു ടീമുകൾക്ക് ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ അവസരമുണ്ടെങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നത് ടീമിന്റെ ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ആരാധകർ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കരുത്തെന്നും അവരുടെ പിന്തുണയാണ് വിജയം സ്വന്തമാക്കാൻ സഹായിച്ചതെന്നുമാണ് പരിശീലകൻ ഇവാൻ മത്സരത്തിനു ശേഷം പറഞ്ഞത്. “ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ത്യയിലെ മറ്റേതു സ്റ്റേഡിയത്തിൽ പോയാലും ഇത്തരമൊരു അന്തരീക്ഷമില്ല. കൊച്ചിയിലെ അന്തരീക്ഷം വളരെ സ്പെഷ്യലാണ്. ഞങ്ങൾക്കത് വിലമതിക്കാനാകാത്തതാണ്. കൊച്ചിയിൽ കളിക്കുന്ന ഓരോ മത്സരത്തിലും അവരുടെ പിന്തുണ ഞങ്ങൾക്ക് കരുത്താണ്.”
ഇവാൻ വുകൊമാനോവിച്ച്: കൊച്ചിയിൽ എതിർ ടീമായി വരരുത് എന്നാണ് എന്റെ ആഗ്രഹം! #KBFCHFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #IvanVukomanovic https://t.co/RX7BNjTeaH
— Indian Super League (@IndSuperLeague) November 25, 2023
“അവർ പിന്തുണക്കുമ്പോൾ ഞങ്ങൾക്ക് പറന്നുയരാനാകും. ഫുട്ബാളിൽ സമ്മർദ്ധമല്ല, സന്തോഷമാണുള്ളത്. ഈ ആരാധകർക്ക് മുന്നിൽ കളിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനം തോന്നും. അവരുടെ പിന്തുണയിൽ ഞങ്ങൾ കരുത്തരാണെന്ന് തോന്നും. കൊച്ചിയിൽ എതിർ ടീമായി വരരുത് എന്നാണ് എന്റെ ആഗ്രഹം.” ഇവാൻ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
Another 3️⃣ points at home! 🏟️#KBFCHFC #KBFC #KeralaBlasters pic.twitter.com/IY7Ztc1G9Y
— Kerala Blasters FC (@KeralaBlasters) November 25, 2023
“മികച്ചൊരു ടീമായ ഹൈദരാബാദ് ഇപ്പോൾ കടന്നുപോകുന്ന സാഹചര്യത്തിൽ എനിക്ക് സങ്കടമുണ്ട്. റാങ്കിങ്ങിൽ ഉയർന്ന സ്ഥാനം അർഹിക്കുന്ന മികച്ച ടീമാണവർ. എല്ലായിപ്പോഴും ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള മത്സരങ്ങൾ എപ്പോഴും കഠിനമാണ്. പ്രതേകിച്ചും ദേശീയ ടീമിന് വേണ്ടി പോയ താരങ്ങൾ മടങ്ങിയെത്തിയതിനു ശേഷം ശേഷം ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ പ്രയാസമാണ്. ഈ സീസണിൽ ഞങ്ങൾ നേരിട്ട ഏറ്റവും കഠിനമായ മത്സരമായിരുന്നു ഇത്.” അദ്ദേഹം വ്യക്തമാക്കി.
ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയതോടെ ഏഴു മത്സരങ്ങളിൽ നിന്നും പതിനാറു പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഞ്ചു മത്സരങ്ങളിൽ നിന്നും പതിമൂന്നു പോയിന്റുള്ള ഗോവ, നാല് മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു പോയിന്റുള്ള മോഹൻ ബഗാൻ, അഞ്ചു മത്സരങ്ങളിൽ നിന്നും പതിനൊന്നു പോയിന്റുള്ള മുംബൈ സിറ്റി എന്നീ ടീമുകൾക്കെല്ലാം ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ അവസരമുണ്ടെങ്കിലും ഈ സീസണിൽ ടീം കരുതരായതിനാൽ ഇവരെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
Ivan Praise Kerala Blasters Fans Support