“ഒരു ഫ്രീകിക്ക് ഗോളടിച്ചതു കൊണ്ട് എല്ലാം മറക്കാനാവില്ല”- മെസിയെ രൂക്ഷമായി വിമർശിച്ച് മുൻ പിഎസ്‌ജി താരം

ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിയും ലില്ലെയും തമ്മിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് എംബാപ്പെ ആയിരുന്നെങ്കിലും ഹീറോയായത് ലയണൽ മെസിയായിരുന്നു. ഇഞ്ചുറി ടൈമിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്ലബ്ബിനെ വിജയത്തിലേക്ക് നയിച്ചതാണ് എല്ലാവരുടെയും ശ്രദ്ധ മെസിയിലേക്ക് തിരിഞ്ഞത്. എന്നാൽ ആ ഗോളിനും വിജയത്തിനും മെസിക്കെതിരായ വിമർശനങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. മുൻ പിഎസ്‌ജി താരം ജെറോം റോത്തനാണ് മെസിക്കെതിരെ വിമർശനം നടത്തിയത്.

“ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോൾ കൊണ്ട് നമുക്ക് എല്ലാം മറക്കാൻ കഴിയുമോ, ഒരിക്കലുമതിന് കഴിയില്ല. ഈ ഗോളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ലയണൽ മെസി നടത്തിയ പ്രകടനത്തെ മറക്കാൻ കഴിയില്ല. ലില്ലെക്കെതിരെ അവസാനനിമിഷത്തിൽ ഗോൾ നേടാൻ വേണ്ടിയല്ല ലയണൽ മെസിയെ മത്സരത്തിൽ ഇറക്കിയത്. മത്സരത്തിൽ താരം നടത്തിയ സംഭാവന പരിഗണിക്കുമ്പോൾ ആ ഗോൾ മതിയാകില്ലായിരുന്നു.” ജെറോം റോത്തൻ പറഞ്ഞു.

“പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ലയണൽ മെസി ഒരു കപടനാണെന്ന് കഴിഞ്ഞ ആഴ്‌ചയിൽ ഞാൻ കുറച്ച് പരുക്കൻ ഭാഷയിൽ പറഞ്ഞിരുന്നു. എന്നാൽ ലില്ലെക്കെതിരെ നടന്ന മത്സരത്തിൽ താരം എവിടെ പോയെന്ന് ഞാൻ അത്ഭുതപ്പെട്ടു. മെസി അപ്രത്യക്ഷനായി പോയ പോലെയായിരുന്നു. അതുപോലെയുള്ള മോശം പ്രകടനം നടത്തുന്നത്അംഗീകരിക്കാനാവാത്ത കാര്യമാണ്. പത്ത് പേരുമായി ചുരുങ്ങിയ പോലെയാണ് മത്സരത്തിൽ പിഎസ്‌ജി കളിച്ചിരുന്നത്.” ജെറോം റോത്തൻ പറഞ്ഞു.

ലില്ലെക്കെതിരെ നടന്ന മത്സരത്തിൽ മെസിയുടെ ഗോൾ വിജയം നേടിയെങ്കിലും താരത്തിന് പ്രതീക്ഷക്കനുസരിച്ച് ഉയരാൻ ലയണൽ മെസിക്ക് കഴിഞ്ഞില്ലെന്നത് സത്യം തന്നെയാണ്. ലോകകപ്പ് കഴിഞ്ഞതിനു ശേഷം പിഎസ്‌ജിയിൽ താരത്തിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നേടിയ ഗോൾ താരത്തിന്റെ ആത്മവിശ്വാസം തിരിച്ചു പിടിക്കാനും മികച്ച പ്രകടനം നടത്താനും സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.