മിന്നും ഗോളുകളോടെ രക്ഷകരായി ലൂണയും ദിമിത്രിയോസും, പിന്നിൽ നിന്നും തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം | Kerala Blasters
ഇവാൻ വുകോമനോവിച്ചിന്റെ തിരിച്ചു വരവിൽ സ്വന്തം മൈതാനത്ത് വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ ആദ്യപകുതി മുഴുവൻ ഒരു ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് നിർണായകമായ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ പകരക്കാരനായിറങ്ങിയ ദിമിത്രിയോസും നായകൻ അഡ്രിയാൻ ലൂണയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതായിരുന്നു ആദ്യപകുതി. മത്സരം തുടങ്ങി പതിനഞ്ചാം മിനുട്ടിൽ തന്നെ ഗൊദാർദിന്റെ അസിസ്റ്റിൽ ഡീഗോ മൗറീസിയോ ഒഡീഷയെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ബലഹീനത തുറന്നു കാണിക്കുന്നതായിരുന്ന ഗോൾ. അതിനു പിന്നാലെ വന്നൊരു ഫ്രീ കിക്ക് സച്ചിൻ സുരേഷ് തടുത്തിട്ടെങ്കിലും അതിനു മുൻപേ നവോച്ചയുടെ ഹാൻഡ്ബോൾ ഉണ്ടായതിനാൽ പെനാൽറ്റി നൽകി. എന്നാൽ ആ പെനാൽറ്റിയും അതിന്റെ റീബൗണ്ടും തടഞ്ഞിട്ട് സച്ചിൻ വീണ്ടും രക്ഷകനായി.
The Dynamic Duo Strikes Again! 🟡🔥#KBFCOFC #KBFC #KeralaBlasters pic.twitter.com/bnbSpdvLUs
— Kerala Blasters FC (@KeralaBlasters) October 27, 2023
മത്സരത്തിൽ ഒപ്പമെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങൾ ആദ്യപകുതിയിൽ ലഭിച്ചിരുന്നു. ദിമിത്രിയോസ് ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര തീർത്തും നിരാശപ്പെടുത്തുന്നതാണ് കണ്ടത്. കെപി രാഹുൽ, ഡൈസുകെ, പെപ്ര എന്നിവരെല്ലാം അവിശ്വസനീയമായ രീതിയിൽ ആദ്യപകുതിയിൽ ഓരോ അവസരങ്ങൾ നഷ്ടമാക്കി. മറുഭാഗത്ത് ഒഡിഷക്കും അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ കഴിയാത്തതിനാൽ ആദ്യപകുതി ഒഡിഷക്ക് മുൻതൂക്കത്തോടെയാണ് അവസാനിച്ചത്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളാണ് കൂടുതൽ ഉണ്ടായിരുന്നത്. രാഹുൽ കെപിയുടെ പകരം ദിമിത്രിയോസ് ഇറങ്ങിയപ്പോൾ അതിനു ഫലമുണ്ടാവുകയും ചെയ്തു. അഡ്രിയാൻ ലൂണയെടുത്ത ഒരു ക്വിക്ക് ഫ്രീ കിക്കിൽ നിന്നും മുന്നേറി ജാപ്പനീസ് താരമായ ഡൈസുകെ നൽകിയ പാസ് ഒരു ചിപ്പിങിലൂടെ ദിമിത്രിയോസ് വലയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്ന താരം ഈ സീസണിൽ ടീമിനായി നേടിയ ആദ്യത്തെ ഗോളായിരുന്നു അത്.
A perfect return for @ivanvuko19 as @KeralaBlasters secure the 3️⃣ points in #Kochi 🔥#KBFCOFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #OdishaFC pic.twitter.com/ZvWIoVKHtV
— Indian Super League (@IndSuperLeague) October 27, 2023
അതിനു പിന്നാലെ ദിമിത്രിയോസിന്റെ ഒരു തകർപ്പൻ ഷോട്ട് ഒഡിഷ ഗോൾകീപ്പർ ബുദ്ധിമുട്ടിയാണ് രക്ഷപ്പെടുത്തിയത്. അതിനു ശേഷവും ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആക്രമണങ്ങളിൽ മുന്നിട്ടു നിന്നത്. അതിന്റെ ഫലം എൺപത്തിനാലാം മിനുട്ടിൽ ലഭിക്കുകയും ചെയ്തു. ഐമൻറെ ഒരു ലോങ്ങ് പാസ് ക്ലിയർ ചെയ്യാൻ ഒഡിഷ പ്രതിരോധത്തിന് പിഴച്ചപ്പോൾ ഗോൾകീപ്പർ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ലൂണ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഒഡിഷ എഫ്സി തിരിച്ചു വരാനായി ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. കേരള ബ്ലാസ്റ്റേഴ്സിനും മത്സരത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ലീഡ് ഉയർത്താൻ അവർക്ക് കഴിഞ്ഞില്ല. വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. പ്രധാന താരങ്ങളിൽ പലരുമില്ലാതെ നേടിയ വിജയം ടീമിന് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.
Kerala Blasters Won Against Odisha FC In ISL 2023-24