പ്രതികാരം ഉറപ്പു നൽകി എംബാപ്പെ, ആദ്യപാദം വിജയിച്ചെങ്കിലും ബാഴ്സലോണ ഭയപ്പെടണം | Kylian Mbappe
വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ബാഴ്സ ആരാധകർ ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു പിഎസ്ജിക്കെതിരായ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരം. പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ വിജയം നേടിയത്. രണ്ടാം പാദം സ്വന്തം മൈതാനത്താണ് നടക്കുന്നതെന്നതിനാൽ സെമിയിലേക്ക് മുന്നേറാമെന്ന പ്രതീക്ഷ ടീമിനുണ്ട്.
എന്നാൽ രണ്ടാം പാദത്തിൽ വിജയം നേടി സെമിയിലേക്ക് മുന്നേറാൻ ബാഴ്സലോണ വലിയൊരു പ്രതിസന്ധിയെ തന്നെ മറികടക്കേണ്ടത് അനിവാര്യമാണ്. പിഎസ്ജിയുടെ പ്രധാന താരമായ എംബാപ്പയാണ് അവർക്കു മുന്നിലെ പ്രധാന പ്രതിസന്ധി. ബാഴ്സലോണയോട് അവരുടെ മൈതാനത്ത് പ്രതികാരം ചെയ്യുമെന്ന് ഉറപ്പു നൽകിയാണ് എംബാപ്പെ പാരീസിൽ നിന്നും പോയതെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
🚨🚨| JUST IN: A message from Kylian Mbappé's entourage:
“Kylian arrives in Barcelona with a feeling of taking revenge” @leparisiensport pic.twitter.com/kcu3td9O3m
— Managing Barça (@ManagingBarca) April 15, 2024
ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ എംബാപ്പെ മോശം പ്രകടനമാണ് നടത്തിയത്. ഒരു ഷോട്ട് പോലും ഗോളിലേക്ക് തൊടുക്കാൻ താരത്തിന് കഴിഞ്ഞില്ല. ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായ എംബാപ്പെ ബാഴ്സലോണക്കെതിരെ പതറിയതിനെ തുടർന്ന് ഫ്രാൻസിൽ നിന്നു തന്നെ രൂക്ഷവിമർശനം ഉണ്ടായിരുന്നു. അത് തന്നെയാണ് താരത്തെ പ്രതികാരദാഹിയാക്കിയതെന്ന് വ്യക്തമാണ്.
അതിനു പുറമെ ഈ സീസൺ കഴിഞ്ഞാൽ എംബാപ്പെ പിഎസ്ജി വിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തീരുമാനിച്ചതിനാൽ തന്നെ പിഎസ്ജിയോടുള്ള ആത്മാർത്ഥത ഇല്ലാതായെന്നുള്ള വിമർശനങ്ങളെക്കൂടി ചെറുക്കേണ്ടത് താരത്തെ സംബന്ധിച്ച് ആവശ്യമാണ്.
ക്യാമ്പ് ന്യൂ പുതുക്കിപ്പണിയുന്നതിനാൽ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് ബാഴ്സലോണയുടെ മത്സരം നടക്കുന്നത്. ക്യാമ്പ് ന്യൂവിൽ വെച്ചാണ് മത്സരം നടക്കുന്നതെങ്കിൽ പിഎസ്ജിക്കത് കുറച്ചുകൂടി കടുപ്പമായേനെ. ഒളിമ്പിക് സ്റ്റേഡിയത്തിൽ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷ. ആദ്യപാദത്തിൽ തങ്ങൾക്കായിരുന്നു മുൻതൂക്കമെന്ന് ലൂയിസ് എൻറിക്കും വ്യക്തമാക്കിയിരുന്നു.
Kylian Mbappe Wants Revenge Against Barcelona