ലയണൽ മെസിയെ തിങ്കളാഴ്ച്ച പാരീസിൽ വെച്ചു കാണുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട
ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരുന്ന അഭ്യൂഹങ്ങൾ നിലവിൽ ശക്തി പ്രാപിച്ചിരിക്കെ താരത്തെ തിങ്കളാഴ്ച കാണുമെന്ന് ബാഴ്സലോണ പ്രസിഡന്റ് യോൻ ലപോർട്ട. സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ പുതുക്കാൻ കഴിയാതെ വിട്ടു കൊടുക്കേണ്ടി വന്ന താരത്തിന് അർഹിക്കുന്ന ആദരവ് നൽകാൻ ബാഴ്സ താൽപര്യപ്പെടുന്നുണ്ടെന്നും ലപോർട്ട വ്യക്തമാക്കി. ദിവസങ്ങൾക്കു മുൻപ് മെസിയുടെ പ്രതിമ ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിന്റെ പുറത്ത് സ്ഥാപിക്കുമെന്നു വ്യക്തമാക്കിയതിനു പുറമെയാണ് താരത്തെ കാണുമെന്നും ലപോർട്ട പറഞ്ഞത്.
“ബാഴ്സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിന് വേണ്ട അംഗീകാരം നൽകുന്നതിന് ഞങ്ങൾ തീർച്ചയായും എന്തെങ്കിലും ചെയ്യും. ഞങ്ങൾ ബാഴ്സലോണ ആരാധകർ മെസിയുടെ ഓർമ്മകൾ കൊണ്ടു നടക്കുന്നുണ്ട്. ഈ ഞായറാഴ്ച താരം ബാഴ്സലോണയിൽ അരങ്ങേറ്റം നടത്തി പതിനെട്ടു വർഷങ്ങൾ തികയാൻ പോവുകയാണ്. ഞങ്ങൾ വിശദമായി തന്നെ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നുണ്ട്. താരത്തിന്റെ കരിയറിനെ കുറിച്ച് എല്ലാം ഞങ്ങൾക്കറിയാം.” ലപോർട്ട ബാഴ്സ ടിവിയോട് പറഞ്ഞു.
“പാരീസിൽ വെച്ച് ഞാൻ തീർച്ചയായും മെസിയെ കാണും, ബാലൺ ഡി ഓർ ചടങ്ങിൽ വെച്ച്. താരമിപ്പോൾ ഒരു പിഎസ്ജി കളിക്കാരനാണ്, ഞങ്ങളതിനെ ബഹുമാനിക്കണം. മെസിക്ക് നൽകേണ്ട അംഗീകാരത്തെ കുറിച്ച് ഞങ്ങൾ വളരെയധികം ബോധവാന്മാരാണ്. കാറ്റലൂണിയയിലെ നിരവധിയാളുകൾ ഇപ്പോഴും മെസിയുടെ ഷർട്ടുകൾ അണിയുന്നത് തുടരുന്നുണ്ട്.” ലപോർട്ട കൂട്ടിച്ചേർത്തു. അതേസമയം മെസി ബാഴ്സയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് പ്രതികരിക്കാൻ ലപോർട്ട തയ്യാറായില്ല.
❗| Laporta will meet Messi in Paris on Monday according to his interview with BarçaTV. pic.twitter.com/aBy0IWKBtg
— La Senyera (@LaSenyera) October 14, 2022
ഈ സീസണോടെ ലയണൽ മെസിയുടെ പിഎസ്ജി കരാർ അവസാനിക്കുകയാണ്. അതു പുതുക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും താരം ഇതുവരെയും അതിനോട് അനുകൂലമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാഴ്സലോണയിലേക്ക് മെസി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി ഉയരുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു ശേഷമേ തന്റെ ഭാവിയുടെ കാര്യത്തിൽ ലയണൽ മെസിയൊരു തീരുമാനം എടുക്കുന്നുണ്ടാകൂ.
അതേസമയം മെസിയുടെ തിരിച്ചു വരവ് ബാഴ്സലോണ ആരാധകർ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒന്നായിരിക്കും. ലയണൽ മെസി ക്ലബ് വിട്ട രണ്ടാമത്തെ സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യമാണ് ബാഴ്സലോണ നേരിടുന്നത്. അതേസമയം മെസി മികച്ച പ്രകടനമാണ് ഈ സീസണിൽ പിഎസ്ജിക്കും അർജന്റീനക്കുമൊപ്പം നടത്തുന്നത്.