വീണ്ടും റൊണാൾഡോയെ കുത്തിനോവിച്ച് ഫ്രഞ്ച് ലീഗ്, പോസ്റ്റ് ചെയ്‌തത്‌ മൂന്നു ലോകകപ്പ് ജേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം | Ligue 1

ഗ്ലോബ് സോക്കർ അവാർഡ്‌സ് ചടങ്ങിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ പല കാര്യങ്ങളും ചർച്ചയായി മാറിയിരുന്നു. അതിൽ ഒരെണ്ണമാണ് ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രൊ ലീഗെന്ന പരാമർശം. ലയണൽ മെസി കഴിഞ്ഞ സീസണിൽ കളിച്ച ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് താനിപ്പോൾ കളിക്കുന്ന സൗദി പ്രൊ ലീഗെന്നു വരുത്തിത്തീർക്കാനാണ് റൊണാൾഡോ ശ്രമിച്ചതെന്നു വ്യക്തമാണ്.

അതേസമയം റൊണാൾഡോയുടെ വാക്കുകൾക്കെതിരെ ഫ്രഞ്ച് ലീഗിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജ് പല രീതിയിൽ പ്രതികരണം അറിയിക്കുകയുണ്ടായി. താരത്തിന്റെ വാക്കുകൾ പുറത്തു വന്ന ഉടനെ സൗദി ലീഗിലെ ബെസ്റ്റ് ഇലവനെ ഒരു സൗഹൃദമത്സരത്തിൽ പിഎസ്‌ജി കീഴടക്കിയ ചിത്രം പോസ്റ്റ് ചെയ്‌ത ഫ്രഞ്ച് ലീഗ് അതിനു പിന്നാലെ ലയണൽ മെസി ഫ്രാൻസിലെ ലീഗിനെ പ്രശംസിക്കുന്ന വാക്കുകളും പോസ്റ്റ് ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു ചിത്രം കൂടി ഫ്രഞ്ച് ലീഗ് പോസ്റ്റ് ചെയ്യുകയുണ്ടായി. ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, കിലിയൻ എംബാപ്പെ എന്നിവർ പിഎസ്‌ജി ജേഴ്‌സിയിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഫ്രഞ്ച് ലീഗ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തത്‌. ഈയൊരു അവസരത്തിൽ ആ ചിത്രത്തിന്റെ ലക്‌ഷ്യം റൊണാൾഡോയെ കളിയാക്കുകയാണെന്ന് വ്യക്തമാണ്.

ഈ മൂന്നു താരങ്ങളും ലോകകപ്പ് നേടിയവരാണ്. മെസി, ഡി മരിയ എന്നിവർ കഴിഞ്ഞ ലോകകപ്പും എംബാപ്പെ അതിനു മുൻപ് നടന്ന ലോകകപ്പിലും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇവരെല്ലാം പിഎസ്‌ജിയിൽ കളിച്ച താരങ്ങളുമാണ്. അതേസമയം ഫ്രഞ്ച് ലീഗിനെ താഴ്ത്തിക്കെട്ടിയ റൊണാൾഡോ ലോകകപ്പ് നേടിയോ എന്ന ചോദ്യം ആ പോസ്റ്റിലുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

റൊണാൾഡോയുടെ വാക്കുകളെ എല്ലാവരും അംഗീകരിക്കുന്നില്ലെന്നുറപ്പാണ്. നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് ഫ്രഞ്ച് ലീഗ്. അതേസമയം പണത്തിന്റെ കൊഴുപ്പിലാണ് സൗദി പ്രൊ ലീഗ് മുന്നോട്ടു വരുന്നത്. ഇപ്പോൾ തന്നെ നിരവധി താരങ്ങൾ സൗദി പ്രൊ ലീഗ് വിട്ടു യൂറോപ്പിലേക്ക് തന്നെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്.

Ligue 1 Posted Another Photo To Mock Ronaldo