മുപ്പത്തിയഞ്ചാം വയസിലും മെസിയെ തൊടാൻ ആർക്കുമാകുന്നില്ല, ഈ കണക്കുകൾ അത്ഭുതം തന്നെ | Lionel Messi

വയസായാലും തന്റെ പ്രതിഭ ഒരിക്കലും തേഞ്ഞുമാഞ്ഞു പോയിട്ടില്ലെന്ന് ലോകത്തിനു മുന്നിൽ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ലയണൽ മെസി. ഖത്തർ ലോകകപ്പിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കിരീടം സ്വന്തമാക്കിയതിന് ശേഷം പിന്നീട് പിഎസ്‌ജിയിലേക്ക് തിരിച്ചു വന്ന മെസി ക്ലബിനൊപ്പം ഒന്ന് പതറിയെങ്കിലും ഇപ്പോൾ വീണ്ടും ഗംഭീരഫോം വീണ്ടെടുത്തു കഴിഞ്ഞു. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ പിഎസ്‌ജി നേടിയ രണ്ടു ഗോളുകൾക്കു പിന്നിലും പ്രവർത്തിച്ചത് ലയണൽ മെസിയുടെ കാലുകൾ തന്നെയായിരുന്നു.

ഇന്നലത്തെ മത്സരത്തിലെ അസിസ്റ്റോടെ ഈ സീസണിൽ പതിനഞ്ചു ഗോളുകളും പതിനഞ്ചു അസിസ്റ്റുകളുമാണ് ലയണൽ മെസി സ്വന്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് ലീഗിൽ ഇതിനു മുൻപ് രണ്ടു താരങ്ങൾ മാത്രമേ ഒരു സീസണിൽ പതിനഞ്ചു ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ളൂ. ലില്ലേക്ക് വേണ്ടി കളിച്ചിരുന്ന സമയത്ത് ഈഡൻ ഹസാർഡും പിഎസ്‌ജിയിലെ തന്നെ കിലിയൻ എംബാപ്പയും നേടിയിട്ടുള്ള റെക്കോർഡാണ് രണ്ടാമത്തെ സീസണിൽ തന്നെ മെസി സ്വന്തമാക്കിയത്.

മെസിയുടെ നേട്ടം ഫ്രഞ്ച് ലീഗിൽ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരം ലയണൽ മെസിയാണ്. ക്ലബിനായി മുപ്പത്തിയാറു ഗോളുകളിലും രാജ്യത്തിന് വേണ്ടി ഇരുപത്തിനാലു ഗോളുകളിലും പങ്കാളിയായ ലയണൽ മെസി അറുപതു ഗോൾ കോൺട്രിബ്യൂഷൻ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. മുപ്പത്തിയാറാം വയസിലേക്ക് അടുക്കുമ്പോഴാണ് മെസിയുടെ ഈ പ്രകടനം.

തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും തന്നെ പിഎസ്‌ജി വേണ്ട വിധത്തിലല്ല ഉപയോഗിക്കുന്നതെന്നും താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു ശേഷം തന്നെ കൂക്കി വിളിച്ച പിഎസ്‌ജി ആരാധകരുടെ വായടപ്പിച്ചു കൊണ്ടാണ് മെസി ഗംഭീരപ്രകടനം നടത്തുന്നത്. എംബാപ്പയുമായി മെസിക്കുള്ള ഒത്തിണക്കം കാരണം മെസി പിഎസ്‌ജിയിൽ തുടരണം എന്നാവും ആരാധകർ ആഗ്രഹിക്കുന്നത്.

Lionel Messi 60 Goal Contributions This Season