മെസിക്ക് ലോകകപ്പ് കിരീടം ഫ്രാൻസിൽ പ്രദർശിപ്പിക്കണം, തീരുമാനമെടുക്കാനാവാതെ പിഎസ്ജി
ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന താരങ്ങൾ അവരുടെ ക്ലബിലെത്തി ആദ്യം കളിക്കുന്ന മത്സരങ്ങൾക്കു മുൻപ് കിരീടം പ്രദർശിപ്പിക്കുന്നതും ആരാധകരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ലയണൽ മെസിയെ സംബന്ധിച്ച് ഇതു നടക്കാനുള്ള സാധ്യത കുറവാണ്. ലോകകപ്പ് കിരീടം പിഎസ്ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹം ലയണൽ മെസി ക്ലബ് നേതൃത്വത്തെ അറിയിച്ചുവെന്നും എന്നാൽ അവരതിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നുമാണ് ഗോൾ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ലോകകപ്പ് ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീന കീഴടക്കിയത് ഫ്രാൻസിനെയാണ്. പിഎസ്ജി ഒരു ഫ്രഞ്ച് ക്ലബായതിനാൽ തന്നെ ലോകകപ്പ് കിരീടം പ്രദർശിപ്പിക്കുന്നത് ഫ്രാൻസിലെ ആരാധകരിൽ പ്രകോപനം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ രാജ്യത്തെ പലരും മെസിക്കും അർജന്റീനക്കുമെതിരെ തങ്ങളുടെ പ്രതിഷേധം പല രീതിയിൽ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെ ലയണൽ മെസിയുടെ ഈ ആവശ്യത്തിൽ എന്ത് തീരുമാനം എടുക്കണെമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് പിഎസ്ജി നേതൃത്വം.
🚨 Leo Messi has reportedly asked PSG to present the World Cup trophy at Parc des Princes.
(Source: @AlainFrNews) pic.twitter.com/KfY2mAA9YE
— Transfer News Live (@DeadlineDayLive) December 21, 2022
ലയണൽ മെസി, ഡി മരിയ, പരഡെസ് എന്നിങ്ങനെ ഈ ലോകകപ്പ് നേടിയ മൂന്നു താരങ്ങൾ പിഎസ്ജി ടീമിൽ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ലയണൽ മെസി മാത്രമാണ് ടീമിലെ അർജന്റീന താരം. അതുകൊണ്ടു തന്നെ മെസിയുടെ ആവശ്യത്തിന് പിന്തുണ കുറവാണ്. ഇതിനു പുറമെ ഫൈനലിൽ ഹാട്രിക്ക് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്ന എംബാപ്പെയുടെ മുന്നിലാവും മെസി കിരീടം പ്രദർശിപ്പിക്കേണ്ടി വരിക. അത് ഫ്രഞ്ച് സ്ട്രൈക്കറെ വിഷമിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ലയണൽ മെസിയുടെ ആഗ്രഹത്തെ പൂർണമായും തഴയാനും പിഎസ്ജിക്ക് കഴിയില്ല. ഈ സീസണോടെ കരാർ അവസാനിക്കുന്ന അർജന്റീന താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ പിഎസ്ജി നടത്തുകയാണ്. അതിനിടയിൽ താരത്തെ പിണക്കിയാൽ അത് കരാർ ചർച്ചകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിൽ ലോകത്തിന്റെ മുഴുവൻ ചർച്ചയായ ലയണൽ മെസിയെപ്പോലൊരു താരത്തിന് വലിയ മാർക്കറ്റുള്ളതിനാൽ കരാർ പുതുക്കേണ്ടത് പിഎസ്ജിയെ സംബന്ധിച്ച് അത്യാവശ്യമാണ്.
Leo Messi has reportedly asked PSG to present the World Cup trophy at Parc des Princes. 🏆
NEED to see this 😂 pic.twitter.com/0P1rfOclxT
— Footy Accumulators (@FootyAccums) December 21, 2022
ലയണൽ മെസിയെപ്പോലൊരു താരം സ്വന്തമാക്കിയ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ക്ലബിലെ ആരാധകരുടെ മുന്നിൽ കിരീടം പ്രദർശിപ്പിക്കേണ്ടത് ന്യായമുള്ള കാര്യം തന്നെയാണ്. എന്നാൽ അത് ചിലപ്പോൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. തീവ്ര ആരാധക ഗ്രൂപ്പുകൾ ഇതിനെതിരെ പ്രതികരിച്ചാൽ അത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കും. അതിനാൽ ലയണൽ മെസി തന്നെ ഇതിൽ നിന്നും സ്വയം പിന്മാറാനാണ് കൂടുതൽ സാധ്യത.