ഈ കണക്കുകൾ പറയും മെസി പിഎസ്ജിയിലും ഫ്രഞ്ച് ലീഗിലും എന്താണെന്ന് | Lionel Messi
ലയണൽ മെസിക്കെതിരെ ലോകകപ്പിന് ശേഷം പിഎസ്ജി ആരാധകർ നിശിതമായ വിമർശനമാണ് നടത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു പിന്നാലെയാണ് ഈ പ്രതിഷേധം ആരംഭിച്ചതെങ്കിലും അതിനു പിന്നിലുള്ള യഥാർത്ഥ കാരണം ലോകകപ്പിൽ ഫ്രാൻസ് അർജന്റീനയോട് തോൽവി വഴങ്ങിയതാണെന്ന കാര്യത്തിൽ സംശയമില്ല. ലോകകപ്പ് തോൽവിയുടെ മുറിവ് ഇപ്പോഴുമുണങ്ങാത്ത ഒരു കൂട്ടം ആരാധകർ തന്നെയാണ് മെസിക്കെതിരെ തിരിയുന്നത്.
പിഎസ്ജിയിൽ മെസി യാതൊന്നും ചെയ്യുന്നില്ലെന്നും ക്ലബ്ബിനെ അവമതിക്കുന്നു എന്നുള്ള വിമർശനവുമാണ് ആരാധകർ ഉയർത്തുന്നത്. എന്നാൽ ഈ സീസണിൽ മെസി ഫ്രഞ്ച് ലീഗിൽ കാഴ്ച വെച്ച പ്രകടനത്തിന്റെ കണക്കുകൾ എടുത്തു നോക്കിയാൽ അതിൽ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാകും. പിഎസ്ജിയിൽ മാത്രമല്ല, ലീഗിൽ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
🚨 Lionel Messi in Ligue 1 this season:
— Exclusive Messi (@ExclusiveMessi) May 3, 2023
✅ Most G/A
✅ Most Assists
✅ Most Key Passes
✅ Most Big Chances created
✅ Most Throughballs
✅ Most Final ⅓ passes
✅ Most take-ons completed
Zero penalties. More assists than PSG’s entire midfield combined. pic.twitter.com/HuLD99zUEu
ഈ സീസണിൽ ലീഗിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരം ലയണൽ മെസിയാണ്. മുപ്പതു ഗോളുകളിൽ താരം പങ്കാളിയായപ്പോൾ പതിനഞ്ചു ഗോളുകൾ നേടുകയും പതിനഞ്ച് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളുടെ പട്ടികയിലും ലയണൽ മെസി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഇതിനു പുറമെ ഇരുപത്തിയാറ് വമ്പൻ അവസരങ്ങൾ സൃഷ്ടിച്ച മെസി ആ കണക്കിലും മുന്നിൽ നിൽക്കുന്നു.
ലീഗിൽ ഏറ്റവുമധികം ഡ്രിബിളുകൾ, ടേക്ക് ഓൺസ്, ഫൈനൽ തേർഡിലേക്കുള്ള പാസുകൾ, ത്രൂ ബോളുകൾ എന്നിവയിലെല്ലാം മെസി മുന്നിലാണ്. ഇതിനു പുറമെ ഫ്രീ കിക്ക് ഗോളുകൾ, ഓരോ മത്സരത്തിലും എടുക്കുന്ന ഷോട്ടുകൾ, ഓൺ ടാർഗറ്റ് ഷോട്ടുകൾ, കീ പാസുകൾ, എന്നിവയിൽ ലയണൽ മെസി രണ്ടാം സ്ഥാനത്താണ്. തന്റെ ജോലി മെസി ഭംഗിയായി നിർവഹിക്കുന്നുണ്ട് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
ഒരു പെനാൽറ്റി ഗോൾ പോലും ഈ സീസണിൽ മെസിക്കില്ലെന്നത് എടുത്തു പറയേണ്ടത്. പിഎസ്ജി മധ്യനിര താരങ്ങൾ നൽകിയ മൊത്തം അസിസ്റ്റുകളെക്കാൾ ലയണൽ മെസി ഒറ്റക്ക് നൽകിയിട്ടുണ്ടെന്നത് എന്താണ് പിഎസ്ജിയുടെ യഥാർത്ഥ പ്രശ്നമെന്ന് വ്യക്തമാക്കുന്നു. സന്തുലിതമായ ടീമിനെ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന പിഴവ് പരിഹരിക്കാതെ ലയണൽ മെസിക്കെതിരെ തിരിയുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിനു തുല്യമായ പ്രവൃത്തിയാണ്.
Lionel Messi Statistics In Ligue 1 This Season