അതിദയനീയം, അപമാനം; മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആൻഫീൽഡിൽ വലിച്ചു കീറി ലിവർപൂൾ
കറബാവോ കപ്പ് വിജയം നേടിയതിന്റെയും എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിൽ കളിക്കുന്നതിന്റെയും സന്തോഷത്തിൽ മതിമറന്നു നടന്നിരുന്ന ആരാധകർക്ക് ഇനി താഴെയിറങ്ങാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അതിദയനീയമായ രീതിയിലാണ് തോൽപ്പിച്ചത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ചെകുത്താന്മാർ ഒന്നുമല്ലാതായി പോയപ്പോൾ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ഓർക്കാൻ സുഖമുള്ളത് ആദ്യപകുതി മാത്രമായിരിക്കും. ലിവർപൂൾ തന്നെയാണ് ആധിപത്യം സ്ഥാപിച്ചതെങ്കിലും ആദ്യപകുതിയിൽ ഒരു ഗോൾ മാത്രമേ യുണൈറ്റഡ് വഴങ്ങിയുള്ളൂ. ജനുവരി ജാലകത്തിൽ ടീമിലെത്തിയ നെതർലാൻഡ്സ് താരം കോഡി ഗാക്പോയാണ് ലിവർപൂളിന്റെ ആദ്യത്തെ ഗോൾ നേടിയത്. ആദ്യപകുതിക്ക് മുൻപ് നേടിയ ആ ഗോൾ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു.
Manchester United humbled at Anfield 👇 pic.twitter.com/bRC6E57OGM
— SuperSport Football ⚽️ (@SSFootball) March 5, 2023
രണ്ടാം പകുതിയാരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ലിവർപൂൾ രണ്ടാമത്തെ ഗോളും നേടി. യുറുഗ്വായ് താരം ഡാർവിൻ നുനസാണ് ഗോൾ നേടിയത്. അതിന്റെ ക്ഷീണം തീരും മുൻപേ ഗാക്പോ ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. അതിനു ശേഷം നിശ്ചിത ഇടവേളകളിൽ മൊഹമ്മദ് സലാ രണ്ടു ഗോളുകൾ നേടിയപ്പോൾ ഡാർവിൻ നുനസ് തന്റെ ഗോൾനേട്ടവും രണ്ടാക്കി വർധിപ്പിച്ചു. ലിവർപൂളിന്റെ അവസാനത്തെ ഗോൾ റോബർട്ടോ ഫിർമിനോയുടെ വകയായിരുന്നു.
FULL-TIME! Liverpool hit SEVEN past Manchester United 🤯 pic.twitter.com/V0ofdOq1qW
— Sky Sports Premier League (@SkySportsPL) March 5, 2023
മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലിവർപൂൾ നിലം തൊടാൻ അനുവദിച്ചില്ല എന്നതാണ് സത്യം. പന്ത് കാലിൽ കിട്ടുമ്പോഴെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്ന ലിവർപൂളിനു ലീഡ് വർധിപ്പിക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും പലതും മുതലാക്കാൻ കഴിഞ്ഞില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ലിവർപൂൾ പ്രതിരോധവും ഗോൾകീപ്പറും അതിനെ തടുത്തു നിർത്തി.
മത്സരത്തിൽ ഏഴു ഗോൾ വഴങ്ങിയതോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ക്ലബിന്റെ ഏറ്റവും മോശം തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. അതിനു പുറമെ തൊണ്ണൂറു വർഷത്തിനിടയിൽ ടീം വഴങ്ങിയ ഏറ്റവും മോശം തോൽവി കൂടിയാണിത്. ലോകകപ്പിന് ശേഷം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ആദ്യത്തെ തോൽവിയാണിതെങ്കിലും അതിന്റെ ആഘാതം നിലനിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.