വീണ്ടും മലക്കം മറിഞ്ഞ് എംബാപ്പെ, പുതിയ പ്രഖ്യാപനവുമായി പിഎസ്‌ജി | Mbappe

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിക്ക് വലിയ തലവേദന സൃഷ്‌ടിച്ച താരമാണ് കിലിയൻ എംബാപ്പെ. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കാൻ പോകുന്ന താരം അത് പുതുക്കാനോ പിഎസ്‌ജി വിടാനോ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് താരത്തോട് ക്ലബ് വിടാനുള്ള അന്ത്യശാസനം പിഎസ്‌ജി നൽകിയിരുന്നു. പ്രീ സീസൺ മത്സരങ്ങളിലും കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗിലെ ആദ്യത്തെ മത്സരത്തിലും താരത്തെ ടീമിന് പുറത്തിരുത്തുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിഎസ്‌ജി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനു പിന്നാലെ എംബാപ്പയുമായി ബന്ധപ്പെട്ട നിലപാടുകളിൽ അയവു വരുത്തിയിരിക്കുകയാണ് പിഎസ്‌ജി. ഇതുവരെ ടീമിനൊപ്പം താരത്തെ പരിശീലനം നടത്താൻ പോലും പിഎസ്‌ജി അനുവദിച്ചിരുന്നില്ല. എന്നാൽ താരവുമായി പോസിറ്റിവായ ചർച്ചകൾ നടന്നുവെന്നും അടുത്ത ദിവസം ക്ലബിലെ മറ്റു താരങ്ങൾക്കൊപ്പം എംബാപ്പയും പരിശീലനം ആരംഭിക്കുമെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി കരാർ എംബാപ്പെ പുതുക്കാനുള്ള സാധ്യതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ഏജന്റായി വിട്ടുകൊടുക്കാൻ പിഎസ്‌ജിക്ക് കഴിയില്ലെന്നതു കൊണ്ടാണ് അവർ കടുത്ത നടപടികളിലേക്ക് നേരത്തെ കടന്നത്. എന്നാൽ പുതിയ കരാറിൽ നിശ്ചിത തുക റിലീസിംഗ് ക്ലോസായി വെക്കും. അതിനാൽ തന്നെ എംബാപ്പക്ക് ക്ലബ് വിടാൻ തോന്നുമ്പോൾ ക്ലബ് വിടാനാവുകയും താരത്തിന്റെ ട്രാൻസ്‌ഫറിൽ പിഎസ്‌ജിക്ക് നിശ്ചിത തുക ലഭിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ താരമായ നെയ്‌മർക്ക് പിഎസ്‌ജി വിടാനുള്ള അനുമതി ക്ളബ് നേതൃത്വം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇത് എംബാപ്പയുടെ തീരുമാനത്തെ സ്വാധീനിച്ചോ എന്ന സംശയമുണ്ട്. അതേസമയം എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കുകയാണെങ്കിൽ റയൽ മാഡ്രിഡിലേക്ക് ഈ സമ്മറിൽ താരം എത്തില്ലെന്ന കാര്യം ഉറപ്പാണ്. അടുത്ത സമ്മറിൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ നടത്തിയേക്കും.

Mbappe Reportedly To Stay With PSG