ഗോളും അസിസ്റ്റും വേണ്ട, മെസിക്ക് താരമാകാൻ ഒരു പാസ് മാത്രം മതി

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു പാസ് കൊണ്ട് തരംഗമായി ലയണൽ മെസി. താരം ഇന്നലെ കളിക്കില്ലെന്നാണ് ഏവരും കരുതിയതെങ്കിലും ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചിരുന്നു. എഴുപത്തിമൂന്നു മിനുട്ട് കളിക്കളത്തിൽ ഉണ്ടായിരുന്ന താരം ഒരു ഗോളോ അസിസ്റ്റോ നേടിയില്ലെങ്കിലും മത്സരം തീർന്നപ്പോൾ മെസി തന്നെയാണ് താരമായത്.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ എംബാപ്പെ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് നുനോ മെൻഡസ് ആയിരുന്നു. എന്നാൽ അതിനു മുൻപ് പോർച്ചുഗൽ താരത്തിന് മെസി നൽകിയ പാസാണ് ആരാധകർ ആഘോഷിക്കുന്നത്. നുനോ മെൻഡസിന്റെ റൺ കൃത്യമായി മനസിലാക്കിയ മെസി ഒരു ചിപ്പ് പാസിലൂടെ അത് താരത്തിന്റെ കാലിലെത്തിച്ചു. താരത്തിന്റെ പാസിൽ എംബാപ്പെ വല കുലുക്കുകയും ചെയ്‌തു.

ഗോൾ നേടിയത് എംബാപ്പയും അസിസ്റ്റ് നൽകിയത് മെൻഡസുമാണെങ്കിലും ആ ഗോളിലെ പ്രധാനി മെസി തന്നെയായിരുന്നു. അതുകൊണ്ടു തന്നെ എംബാപ്പയും മെന്ഡസും ഗോളാഘോഷിക്കുമ്പോൾ ഓടിയെത്തിയ പിഎസ്‌ജിയിലെ മറ്റു സഹതാരങ്ങൾ ലയണൽ മെസിയെയാണ് ആദ്യം അഭിനന്ദിച്ചത്. ആ ഗോളിനു പിന്നിലുള്ള മെസിയുടെസാന്നിധ്യം അവർക്കെല്ലാം മനസ്സിലായെന്നു വ്യക്തം.