കരിയർ തീർന്ന റൂണിക്ക് തന്നോട് അസൂയ, മുൻ സഹതാരത്തിനെതിരെ റൊണാൾഡോ

വെയ്ൻ റൂണി തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് റൊണാൾഡോ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുണ്ടാക്കിയ പ്രശ്‌നങ്ങളെ കഴിഞ്ഞ ദിവസം റൂണി വിമർശിച്ചിരുന്നു. എന്നാൽ കരിയർ അവസാനിപ്പിച്ച റൂണിക്ക് ഇപ്പോഴും ടോപ് ലെവൽ ഫുട്ബോൾ കളിക്കുന്ന തന്നോട് അസൂയ കൊണ്ടാണ് ഈ വിമർശനങ്ങൾ വരുന്നതെന്നാണ് റൊണാൾഡോയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.

“എന്തുകൊണ്ടാണ് റൂണിയെന്നെ ഇങ്ങിനെ മോശമായി വിമര്ശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ താരം കരിയർ അവസാനിപ്പിക്കുകയും ഞാൻ ടോപ് ലെവൽ ഫുട്ബോളിൽ തുടരുകയും ചെയ്യുന്നതു കൊണ്ടായിരിക്കാം. ഞാൻ അവനെക്കാൾ നല്ല തലത്തിലാണുള്ളതെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, സത്യം അതാണെങ്കിൽ പോലും.” പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിനിടെ റൊണാൾഡോ പറഞ്ഞു.

അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനങ്ങൾ താരം നടത്തിയിരുന്നു. ഇതോടെ ജനുവരിയിൽ റൊണാൾഡോ ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സമ്മർ ജാലകത്തിൽ തന്നെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമം നടത്തിയെങ്കിലും മികച്ച ക്ലബുകളൊന്നും താരത്തിനു വേണ്ടി രംഗത്തു വരാത്തതിനെ തുടർന്ന് അത് നടന്നില്ല.