“മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ വഞ്ചിക്കപ്പെട്ടു, ടെൻ ഹാഗിനോട് ബഹുമാനമില്ല”- പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ എറിക് ടെൻ ഹാഗിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകനും ക്ലബിലെ ചിലരും ചേർന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടത്തുകയാണെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നും റൊണാൾഡോ പറഞ്ഞു. ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്ററായ പിയേഴ്‌സ് മോർഗാനുമായി നടത്തിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ പരാമർശങ്ങൾ.

“ഞാൻ വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു. ചിലയാളുകൾക്ക് എന്നെയിവിടെ വേണ്ടെന്ന് ഞാൻ കരുതുന്നു. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും. എറിക് ടെൻ ഹാഗ് എന്നോട് ബഹുമാനം കാണിക്കാത്തതു കൊണ്ട് എനിക്കവരോടും ബഹുമാനമില്ല. എന്നെ മതിക്കാത്തവരെ ഞാനും ബഹുമാനിക്കില്ല. അതൊരിക്കലും ഉണ്ടാകില്ല.”

മുൻ പരിശീലകനായ റാൽഫ് റാങ്നിക്കിനെതിരെയും റൊണാൾഡോ വിമർശനം നടത്തി. ഒരു പരിശീലകൻ പോലുമല്ലാത്ത അയാളെങ്ങിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജറായതെന്നും റാങ്നിക്കിനെ കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നും റൊണാൾഡോ പറഞ്ഞു. സർ അലക്സ് ഫെർഗുസൺ ക്ലബ് വിട്ടതിനു ശേഷം ക്ലബ് ഒരു തരത്തിലും മുന്നോട്ടു പോയിട്ടില്ലെന്നും ഒരു നല്ല മാറ്റവും ക്ലബിന് സംഭവിച്ചിട്ടില്ലെന്നും റൊണാൾഡോ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ റൊണാൾഡോയുടെ വിമർശനങ്ങൾ ഏറെ വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഖത്തർ ലോകകപ്പിന് ശേഷം മടങ്ങി വരുമ്പോൾ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്ലബിൽ ഉണ്ടാകുമോയെന്ന കാര്യം തന്നെ ഉറപ്പില്ലാത്ത അവസ്ഥയാണുള്ളത്.