ഗോളടിച്ചില്ലെങ്കിലും കയ്യടി വാങ്ങും മെസി, പിഎസ്‌ജി താരത്തെ അഭിനന്ദിച്ച് എതിർടീം ആരാധകർ

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ കഴിഞ്ഞ സീസണിൽ ലയണൽ മെസി നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങുകയുണ്ടായി. കരിയർ മുഴുവനും കളിച്ച ക്ലബിൽ നിന്നും മറ്റൊരു ലീഗിലേക്ക് പറിച്ചു നടപ്പെട്ടതും പരിക്കിന്റെ പ്രശ്‌നങ്ങളും മെസിയെ ബാധിച്ചപ്പോൾ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞില്ല. ഫ്രഞ്ച് ക്ലബിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മെസിയുടെ പ്രതിഭയുടെ ആഴം കണക്കാക്കുമ്പോൾ ആരാധകർക്ക് അതു പോരാതെ വന്നതാണ് താരത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്.

എന്നാൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം, പ്രത്യേകിച്ചും ക്രിസ്റ്റഫെ ഗാൾട്ടിയർ പരിശീലകനായ ഈ സീസണിൽ തന്റെ ശൈലിയിൽ മെസി മാറ്റം വരുത്തിയെന്നാണ് മനസിലാക്കാൻ കഴിയുന്നത്. മുൻപ് ബാഴ്‌സലോണയിൽ കളി മെനയാനും അതിനൊപ്പം തന്നെ ഗോളുകൾ നേടാനും നിറഞ്ഞു കളിച്ചിരുന്ന ലയണൽ മെസി ഈ സീസണിൽ അവസരങ്ങൾ ഒരുക്കി നൽകുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. പിഎസ്‌ജി ഇന്നലെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അർജന്റീന താരം നൽകിയ രണ്ടു അസിസ്റ്റുകൾ ഇതു വ്യക്തമാക്കുന്നു.

ടുളൂസേക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി നേടിയ ആദ്യത്തെ രണ്ടു ഗോളുകൾക്കാണ് ലയണൽ മെസി അസിസ്റ്റ് നൽകിയത്. മുപ്പത്തിയേഴാം മിനുട്ടിൽ ഒരു വൺ ടച്ച് പാസിലൂടെ നെയ്‌മർക്ക് മനോഹരമായ അസിസ്റ്റ് നൽകിയ ലയണൽ മെസി അതിനു ശേഷം അൻപതാം മിനുട്ടിലും മറ്റൊരു ഗോളിന് വഴിയൊരുക്കി. മെസി തന്നെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ താരത്തിന് നിറയൊഴിക്കാൻ അവസരം ഉണ്ടായിട്ടും ഒഴിഞ്ഞു നിന്നിരുന്ന കിലിയൻ എംബാപ്പക്ക് പാസ് നൽകുകയാണ് ചെയ്‌തത്‌. ഒരു പിഴവും കൂടാതെ ഫ്രഞ്ച് താരം അത് വലയിലെത്തിക്കുകയും ചെയ്‌തു. യുവാൻ ബെർണറ്റാണ് മത്സരത്തിൽ പിഎസ്‌ജിയുടെ മറ്റൊരു ഗോൾ നേടിയത്.

മത്സരത്തിൽ ലയണൽ മെസി നടത്തിയ പ്രകടനം എതിർടീമായ ടുളൂസേയുടെ ആരാധകരെ വരെ ആകർഷിച്ചുവെന്നതാണ് മറ്റൊരു കാര്യം. മത്സരത്തിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ട് അസിസ്റ്റുകളും നാല് കീ പാസുകളും മൂന്നു സുവർണാവസരങ്ങളും ഒരുക്കി നൽകിയ മെസിയെ എൺപത്തിരണ്ടാം മിനുട്ടിൽ പരിശീലകൻ പിൻവലിച്ചപ്പോൾ ടുളൂസേയുടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് അഭിനന്ദിച്ചത്. പിഎസ്‌ജിയുടെ വിജയം മെസിക്കു കൂടി അവകാശപ്പെട്ടതാണെന്ന് അവർ മനസിലാക്കിയെന്നു ചുരുക്കം.

കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി ഈ സീസണിൽ മെസി കൂടുതൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഫ്രഞ്ച് സൂപ്പർ കപ്പിൽ നാന്റസിനെതിരായ മത്സരം കൂടി കണക്കിലെടുക്കുമ്പോൾ സീസണിൽ ഇതുവരെ നാല് ഗോളുകളും നാല് അസിസ്റ്റുകളും മെസി സ്വന്തമാക്കിയിട്ടുണ്ട്. മെസി, നെയ്‌മർ, എംബാപ്പെ സഖ്യം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ ചാമ്പ്യൻസ് ലീഗ് അടക്കം തങ്ങൾ ആഗ്രഹിച്ച കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നാണ് പിഎസ്‌ജി പ്രതീക്ഷിക്കുന്നത്.