മഴവിൽ ഫ്രീ കിക്കും മനോഹരമായ ഡ്രിബ്ലിങ്ങുകളും, നീസിനെതിരെ മെസിയുടെ പ്രകടനം കാണാം
കഴിഞ്ഞ സീസണിൽ ചെറുതായൊന്നു ഫോം മങ്ങിയപ്പോഴേക്കും തന്റെ കാലം കഴിഞ്ഞുവെന്നു സംശയം പ്രകടിപ്പിച്ചവർക്ക് ഈ സീസണിൽ മറുപടി നൽകുകയാണ് ലയണൽ മെസി. ക്ലബിനും രാജ്യത്തിനുമായി കളിച്ച കളികളിലെല്ലാം തകർപ്പൻ പ്രകടനം നടത്തുന്ന താരം ഈ സീസണിൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയ്ക്കു വേണ്ടി രണ്ടു കളിയിൽ നിന്നും നാല് ഗോൾ നേടിയ മെസി ഇന്നലെ പിഎസ്‌ജിക്കു വേണ്ടി നീസിനെതിരെ കളിക്കളത്തിൽ ഇറങ്ങിയപ്പോഴും തന്റെ ഗോൾനേട്ടം ആവർത്തിക്കുകയുണ്ടായി.
ഇന്നലെ നടന്ന മത്സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടിലാണ് ലയണൽ മെസിയുടെ ഫ്രീ കിക്ക് പിറക്കുന്നത്. ബോക്‌സിന് തൊട്ടുപുറത്തു നിന്നും താരമെടുത്ത ഇടങ്കാൽ ഷോട്ട് ഗോൾപോസ്റ്റിന്റെ മുകളിലെ മൂലയിലൂടെ വലക്കകത്തേക്ക് വീഴുമ്പോൾ നീസ് ഗോൾകീപ്പർക്ക് ഒന്നനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നലത്തെ മത്സരത്തിലെ ഫ്രീ കിക്കോടെ കരിയറിലെ അറുപതാമത്തെ ഫ്രീ കിക്ക് ഗോളാണ് മെസി കുറിച്ചത്. ജമൈക്കക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും മെസി ഒരു ഫ്രീ കിക്ക് ഗോൾ നേടിയിരുന്നു.
ഗോളിന് പുറമെ മത്സരത്തിലുടനീളം മെസി കാഴ്‌ച വെച്ച പ്രകടനവും ആരാധകരെ അതിശയിപ്പിക്കുന്നതായിരുന്നു. തന്റെ സ്വതസിദ്ധമായ പതിഞ്ഞ താളത്തിൽ കളിച്ച് പിഎസ്‌ജിയുടെ കളിയെ നിയന്ത്രിക്കാൻ കഴിഞ്ഞ താരം നിരവധി ഡ്രിബ്ലിങ്ങുകളും പൂർത്തിയാക്കി. ശ്രമിച്ച ഏഴു ഡ്രിബ്ലിങ്ങുകളിൽ അഞ്ചെണ്ണവും പൂർത്തിയാക്കിയ താരം ഗോളിലേക്ക് വഴിതുറക്കുമായിരുന്ന ഒരു കീ പാസും മത്സരത്തിൽ നൽകി. ഈ സീസണിൽ മെസിയുടെ അഞ്ചാമത്തെ ലീഗ് ഗോളാണ് ഇന്നലെ പിറന്നത്. ഇതിനു പുറമെ ലീഗിൽ ഏഴ് അസിസ്റ്റും മെസിയുടെ പേരിലുണ്ട്.
Lionel Messi vs. Nice
— عايض . (@88bli) October 1, 2022
pic.twitter.com/EhQJXLGZ2R
ഈ സീസണിൽ കളത്തിലിറങ്ങുമ്പോഴെല്ലാം മെസി കാഴ്‌ച വെക്കുന്ന പ്രകടനം ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്നതാണ്. ലോകകപ്പ് അടുത്തിരിക്കെ മെസി പൂർണ ആത്മവിശ്വാസത്തിലാണെന്ന് ഓരോ തവണയും തെളിയിക്കപ്പെടുന്നു. ഇത്തവണ പിഎസ്‌ജിക്കും അർജന്റീനക്കുമൊപ്പം സാധ്യമായ കിരീടമുയർത്താൻ മെസിക്ക് കഴിയുമെന്നാണ് താരത്തിന്റെ പ്രകടനം കാണുന്ന ഓരോ ആരാധകനും ഉറച്ചു വിശ്വസിക്കുന്നത്.
മത്സരത്തിൽ മെസിയുടെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും നീസ് അതിനു മറുപടി ഗോൾ നേടിയിരുന്നു. അതിനു ശേഷം പകരക്കാരനായിറങ്ങിയ ഫ്രഞ്ച് താരം എംബാപ്പയാണ് പിഎസ്‌ജിയുടെ വിജയഗോൾ കുറിച്ചത്. ഇതോടെ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ് പിഎസ്‌ജി. വെറും രണ്ടു പോയിന്റ് പുറകിൽ നിൽക്കുന്ന മാഴ്‌സ ഇത്തവണ പിഎസ്‌ജിക്ക് ശക്തമായ വെല്ലുവിളി നൽകാൻ സാധ്യതയുണ്ട്.