ലയണൽ മെസി ട്രാൻസ്ഫറിലൂടെ പിഎസ്ജി നേടിയത് 700 മില്യൺ യൂറോയുടെ അധികവരുമാനം
തന്റെ കളിമികവു കൊണ്ട് ആരാധകരെ സൃഷ്ടിച്ച ലയണൽ മെസി അതിന്റെ ഭംഗി കെട്ടുപോവാതെ സൂക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ തന്നെ ഇപ്പോഴും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി തുടരുന്നുണ്ട്. നിരവധി വർഷങ്ങൾ നീണ്ടുനിന്ന ബാഴ്സലോണ കരിയറിന് അവസാനം കുറിച്ച് കഴിഞ്ഞ സമ്മറിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസിക്ക് പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ കഴിയാത്തതു കൊണ്ട് താരത്തിന്റെ ഫോം മങ്ങിയെന്നു പലരും വിധിയെഴുതി. എന്നാൽ ഈ സീസണിൽ പിഎസ്ജി മുന്നേറ്റനിരയെ കളിപ്പിച്ചും ഗോളടിച്ചും മെസി വിമർശകർക്കു മറുപടി നൽകുകയാണ്.
മെസി ക്ലബിലെത്തിയ കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് മാത്രം നേടാൻ കഴിഞ്ഞത് പിഎസ്ജിയെ സംബന്ധിച്ച് നിരാശയായിരുന്നു. കളിക്കളത്തിൽ സ്ഥിരതയോടെ തുടരാനും അവർക്ക് കഴിഞ്ഞില്ല. എന്നാൽ പിഎസ്ജിയുടെ വരുമാനത്തിൽ മെസി ട്രാൻസ്ഫർ വലിയ വർധനവാണുണ്ടാക്കിയത്. കഴിഞ്ഞ സീസണു മുന്നോടിയായി മെസിയെ ഫ്രീ ഏജന്റായി ടീമിലെത്തിച്ചതിലൂടെ എഴുനൂറു മില്ല്യൻ യൂറോയാണ് പിഎസ്ജി അധികവരുമാനമായി നേടിയത്. സ്പോൺസർഷിപ്പ് ഡീലുകൾ, ജേഴ്സി വിൽപ്പനയിൽ നിന്നുള്ള തുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.
അർജന്റീനിയൻ പബ്ലിക്കേഷനായ ലാ എക്കണോമിസ്റ്റയുടെ റിപ്പോർട്ടുകൾ പ്രകാരം പത്തു പുതിയ സ്പോൺസർഷിപ്പ് കരാറുകളിലാണ് മെസിയുടെ വരവിനു ശേഷം പിഎസ്ജി ഒപ്പു വെച്ചത്. സ്പോൺസർഷിപ്പ് തുക മൂന്നു മില്യൺ യൂറോയിൽ നിന്നും എട്ടു മില്യനായി ഉയരുകയും ചെയ്തു. ഡിയോർ, ഗൊറില്ല, ക്രിപ്റ്റോ, ഗോട്ട്, ബിബി കോള, സ്പോർട്ട്സ് വാട്ടർ എന്നിവയെല്ലാം പിഎസ്ജിയുടെ പുതിയ സ്പോൺസർഷിപ്പ് കരാറുകളിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ നൈക്കിയുമായുള്ള 2032 വരെയുള്ള കരാർ വഴി എഴുപത്തിയഞ്ച് മില്യൺ യൂറോയും പിഎസ്ജിക്ക് ലഭിച്ചു.
Lionel Messi's move to PSG has secured an extra €700m in commercial revenue for the Ligue 1 champions https://t.co/WRxI9K3mk6
— Football España (@footballespana_) September 23, 2022
പിഎസ്ജിയുടെ വരുമാനത്തിലുണ്ടായ മറ്റൊരു വർധനവ് ജേഴ്സികളുടെ വിൽപ്പന വഴിയായിരുന്നു. 90 മുതൽ 160 യൂറോ വരെ വില വരുന്ന പിഎസ്ജിയുടെ ജേഴ്സികൾ ഒരു മില്യൺ യൂറോയാണ് ഇക്കാലയളവിൽ വിറ്റു പോയത്. ഇതിന്റെ അറുപതിലധികം ശതമാനം ജേഴ്സികളും മെസിയുടെ പേരെഴുതിയതായിരുന്നു. ഇതിനു പുറമെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായി 15 മില്യൺ പേർ പിഎസ്ജിയെ പിന്തുടർന്നത് ഇപ്പോൾ 150 മില്യൺ യൂറോയായി വർധിച്ചിട്ടുണ്ട്. പത്തിരട്ടി വർധനവാണ് മെസിയുടെ ട്രാൻസ്ഫർ കൊണ്ടുണ്ടായത്.
വെറും രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസി പിഎസ്ജിയുമായി ഒപ്പു വെച്ചത്. ഈ സീസണോടെ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കാൻ ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്രയും നേട്ടങ്ങൾ ക്ലബിന് സ്വന്തമാക്കിയ താരം ഈ സീസണിൽ കളിക്കളത്തിലും തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കെ അർജന്റീന താരത്തെ നിലനിർത്താൻ അവർ ഏതുവിധേനയും ശ്രമിക്കുമെന്നുറപ്പാണ്.