വിവാദമുണ്ടാകാനുള്ളതല്ല മെസിയെ അമീർ അണിയിച്ച ബിഷ്ത്, അതു പോരാട്ടം ജയിച്ച നായകനുള്ള ഖത്തറിന്റെ ആദരവ്
ഖത്തർ ലോകകപ്പ് കിരീടം മെസിയുയർത്തുമ്പോൾ അണിഞ്ഞിരുന്ന ബിഷ്ത് എന്ന മേൽക്കുപ്പായവും ഇനി ചരിത്രത്തിന്റെ ഭാഗമാകും. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിൽ അണിഞ്ഞിരുന്ന വസ്ത്രം എന്ന നിലയിലാണ് അതും ചരിത്രത്തിന്റെ ഭാഗമാകുന്നത്. അർജന്റീന ജേഴ്സിയിട്ട താരങ്ങളുടെ ഇടയിൽ കറുത്ത നിറമുള്ള ബിഷ്ത് അണിഞ്ഞു ടീമിന്റെ നായകനായ മെസി കപ്പ് ഉയർത്തിയത് മനോഹരമായ കാഴ്ചയായിരുന്നു.
എന്നാൽ ഇതു സംബന്ധിച്ച് വിവാദങ്ങളും ഉയരുന്നുണ്ട്. അർജന്റീന മുൻ താരമായ പാബ്ലോ സബലേറ്റയും പല യൂറോപ്യൻ നിരീക്ഷകരുമെല്ലാം അതൊരു അനാവശ്യമായ കാര്യമായാണ് ചൂണ്ടിക്കാട്ടിയത്. അർജന്റീന ജേഴ്സിയെ ആ കുപ്പായം മറച്ചതു കൊണ്ടാണ് പലരും അതിനെ വിമർശിക്കുന്നത്. അതിനു പുറമെ ഖത്തറിനെതിരെ വിമർശനം നടത്താനുള്ള അവസരമായും അതിനെ പലരും ഉപയോഗിക്കുന്നു. എന്നാൽ അത് ലയണൽ മെസിക്കുള്ള ഖത്തറിന്റെ ആദരവായിരുന്നു.
For those asking, the robe Messi was wearing on the podium is a bisht. It's ceremonial rather than royal. It's usually worn by dignitaries at weddings and other formal occasions. pic.twitter.com/Ms8rzwHGcX
— Ben Jacobs (@JacobsBen) December 18, 2022
ഒട്ടകത്തിന്റെയും ആടിന്റേയും രോമങ്ങൾ കൊണ്ടുണ്ടാക്കുന്ന ഗൗണായ ബിഷ്ത് രാജ്യത്തെ ഭരണാധികാരികൾക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്ഖുമാർ വിശേഷ ദിവസങ്ങളിൽ അണിയും. വെള്ളിയാഴ്ച്ചകളിൽ ഖുതുബ നിർവഹിക്കുന്ന ഇമാമുമാർക്കും ഈ കുപ്പായം ധരിക്കാനുള്ള അനുമതിയുണ്ട്. പണ്ട് കാലങ്ങളിൽ യുദ്ധം ജയിച്ചു വരുന്ന പോരാളികളെ ആദരിച്ചിരുന്നതും ഈ കുപ്പായം അണിയിച്ചായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടം ജയിച്ചു വന്ന ലയണൽ മെസിയെ ഇതാണിയിച്ചതും അതേ ആദരവ് പ്രകടിപ്പിക്കാൻ തന്നെയാണ്.
ഖത്തർ തങ്ങളുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആദരവ് പ്രകടിപ്പിക്കാൻ തുനിഞ്ഞപ്പോൾ ലയണൽ മെസിയതിനു വിസമ്മതം പറഞ്ഞില്ല. ഒരു കൊച്ചു കുട്ടിയെ പോലെ അതണിയാൻ നിന്നു കൊടുത്ത് അതിനു ശേഷം കിരീടം വാങ്ങി ടീമിനൊപ്പം പോയി താരം ആഘോഷിച്ചു. ലയണൽ മെസി കിരീടമുയർത്തിയതും ആ ഗൗൺ അണിഞ്ഞായിരുന്നു. പിന്നീട് താരമത് ഊരി വെച്ചുവെങ്കിലും ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായി ആ ഗൗൺ മാറുമെന്ന് ഉറപ്പാണ്.
Culturally, dressing someone a“Bisht” (the robe) is an act of courtesy & high appreciation in #Qatar.
Thus, #Messi𓃵 was highly respected by the Emir of Qatar dressing him the Bisht.
Ignorant Western media shall learn about cultures instead of whining as usual!#FIFAWorldCupFinal pic.twitter.com/5Se3sQVSaa— Dr. Abdallah Marouf د. عبدالله معروف (@AbdallahMarouf) December 18, 2022
ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിൽ ഒന്നാണ് ഖത്തർ സംഘടിപ്പിച്ചതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം തന്റെ സ്വപ്നം അതിലൂടെ സഫലമാക്കുകയും ചെയ്തു. അതിനോടുള്ള തങ്ങളുടേതായ രീതിയിലുള്ള ആദരവും ബഹുമാനവും പ്രകടിപ്പിച്ചതിലൂടെ, മെസി കിരീടമുയർത്തുമ്പോൾ അണിഞ്ഞ ഗൗണിലൂടെ, ലോകകപ്പ് കുറ്റമറ്റ രീതിയിൽ നടത്തിയതിലൂടെ ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടേതായ ഇടം ഖത്തറും നേടിയെടുത്തു.