ലോകകപ്പ് ജേതാവായി ഇനിയും കളിക്കണം, അർജന്റീന ടീമിൽ നിന്നും വിരമിക്കില്ലെന്ന് ലയണൽ മെസി

തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായ ലോകകിരീടം സ്വന്തമാക്കിയതോടെ ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള പദ്ധതിയില്ലെന്ന് ലയണൽ മെസി. ലോകകപ്പ് നേടിയതിന്റെ നക്ഷത്രമുള്ള ജേഴ്‌സിയിൽ ഇനിയും അർജന്റീനക്കായി കളിക്കണമെന്ന് മെസി ഇന്നലത്തെ മത്സരത്തിനു ശേഷം പറഞ്ഞു. അടുത്ത ലോകകപ്പിനുണ്ടാകാൻ സാധ്യതയില്ലെന്നു പറഞ്ഞ മെസി അർജന്റീന ടീം വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

“എന്റെ കരിയർ ഇതു വെച്ചു തന്നെ അവസാനിപ്പിക്കണമെന്ന് ഞാൻ കരുതിയിരുന്നു, എനിക്ക് ഇതിൽ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. ദൈവത്തിനു നന്ദി, അദ്ദേഹം എനിക്കെല്ലാം നൽകി. ഇങ്ങനൊരു കരിയർ ലഭിച്ചത് വളരെ മഹത്തരമാണ്. ഇത് വിജയിച്ചതിനു ശേഷം ഞാൻ ടീമിന്റെ കൂടെ ഉണ്ടാകുമോ? എനിക്ക് കോപ്പ അമേരിക്കയും ലോകകപ്പും ലഭിച്ചു. ഏകദേശം അവസാനം കുറിക്കേണ്ടതിന്റെ അടുത്തെത്തി.”

“ദേശീയ ടീമിനൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ലോകചാമ്പ്യനായി ഏതാനും മത്സരങ്ങൾ കൂടി എനിക്ക് കളിക്കണം. ഇതൊരു ചെറിയ കുട്ടിയുടെ സ്വപ്‌നമായിരുന്നു. എനിക്കില്ലാതിരുന്നത് ഇന്ന് ലഭിച്ചു, നേടിയതിലെല്ലാം ഞാൻ സന്തോഷവാനാണ്.” മെസി മത്സരത്തിനു ശേഷം പറഞ്ഞു.

ലോകകപ്പ് നേടിയതോടെ ലയണൽ മെസിയുടെ കരിയർ പൂർണമായി. ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ മെസി അർജന്റീന ടീമിനൊപ്പം ലോകകപ്പും കോപ്പ അമേരിക്കയും രണ്ടു വർഷത്തിനിടെ സ്വന്തമാക്കി. ദേശീയ ടീമിനൊപ്പം ഒളിമ്പിക്‌സ് സ്വർണം നേരത്തെ തന്നെ മെസി സ്വന്തമാക്കിയിട്ടുണ്ട്.