ഫ്രഞ്ച് വിപ്ലവത്തിനും മിശിഹായുടെ കിരീടധാരണത്തെ തടുക്കാനായില്ല, 2022 ലോകകപ്പ് അർജന്റീനക്കു സ്വന്തം

എക്കാലത്തെയും ആവേശകരമായ ലോകകപ്പ് ഫൈനൽ ലുസൈൽ മൈതാനിയിൽ പിറന്നപ്പോൾ നിലവിലെ ജേതാക്കളായ ഫ്രാൻസിനെതിരെ അർജന്റീനക്ക് വിജയം. രണ്ടു ഗോളിന് മുന്നിലെത്തുകയും പിന്നീട് രണ്ടു ഗോൾ വഴങ്ങുകയും അതിനു ശേഷം ഒരു ഗോൾ നേടി വീണ്ടും ഒരു ഗോൾ കൂടി അർജന്റീന വഴങ്ങിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്. അർജന്റീനക്കായി ലയണൽ മെസി രണ്ടു ഗോളുകളും ഏഞ്ചൽ ഡി മരിയ രണ്ടു ഗോളും നേടിയപ്പോൾ ഫ്രാൻസിന്റെ മൂന്നു ഗോളുകളും എംബാപ്പെയാണ് സ്വന്തമാക്കിയത്.

അർജന്റീനക്ക് മാത്രം സ്വന്തമായ ആദ്യപകുതിയായിരുന്നു മത്സരത്തിലേത്. ഫ്രാൻസിനെ കൃത്യമായി മനസിലാക്കി സ്‌കലോണി ആദ്യ ഇലവൻ ഇറക്കിയപ്പോൾ ആദ്യപകുതിയിൽ ഫ്രാൻസിന് ഒരു ഷോട്ട് പോലും ഗോളിലേക്കുതിർക്കാൻ കഴിഞ്ഞില്ലായിരുന്നു. ഏഞ്ചൽ ഡി മരിയ തകർപ്പൻ പ്രകടനം നടത്തിയ ആദ്യപകുതിയിൽ ഒരു പെനാൽറ്റി ഗോളിന് താരം വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്‌തു. ഡി മരിയ നേടിയ പെനാൽറ്റിയിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചപ്പോൾ മികച്ചൊരു പ്രത്യാക്രമണത്തിൽ ഡി മരിയ ടീമിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിലും അർജന്റീനക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാൽ ഏഞ്ചൽ ഡി മരിയയെ പിൻവലിക്കാനുള്ള ലയണൽ സ്‌കലോണിയുടെ തീരുമാനം പിഴച്ചു. അതിനു ശേഷം രണ്ടു സബ്സ്റ്റിറ്റയൂഷൻ ഫ്രാൻസ് പരിശീലകന്റെ തന്ത്രം വിജയം കണ്ടപ്പോൾ ഫ്രാൻസ് ഒപ്പമെത്തി. ആദ്യം പെനാൽറ്റിയിലൂടെയും അതിനു ശേഷം മികച്ചൊരു ഗ്രൗണ്ടറിലൂടെയും എംബാപ്പയാണ് മത്സരത്തിൽ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്. അതിനു ശേഷം ഫ്രാൻസിന്റെ ആക്രമണങ്ങൾ കനത്തു. അവസാന മിനിറ്റുകളിൽ കൊളോ മുവാനിയുടെ ഒരു ക്ളോസ് റേഞ്ച് ഷോട്ട് തടുത്തിട്ട എമിലിയാനോ മാർട്ടിനസാണ്‌ മത്സരം അധികസമയത്തേക്ക് നീട്ടിയത്.

എക്‌സ്ട്രാ ടൈമിൽ അർജന്റീനക്കായിരുന്നു ആധിപത്യം. ലിയാൻഡ്രോ പരഡെസ്, ലൗറ്റാറോ മാർട്ടിനസ് എന്നിവരെ ഇറക്കിയ അർജന്റീന തുടർച്ചയായി ആക്രമണം നടത്തിയപ്പോൾ 108ആം മിനുട്ടിൽ ലയണൽ മെസിയിലൂടെ അർജന്റീന വീണ്ടും മുന്നിലെത്തി. എന്നാൽ മത്സരം അവിടെയും അവസാനിച്ചില്ലായിരുന്നു. അതിനു പിന്നാലെ ഒരു ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ എംബാപ്പെ വീണ്ടും ഫ്രാൻസിനെ ഒപ്പമെത്തിച്ചു. അതിനിടയിൽ ലൗടാരോ മാർട്ടിനസ് ഒന്നിലധികം സുവർണാവസരങ്ങൾ നഷ്‌ടമാക്കിയതാണ് മത്സരം ഷൂട്ടൗട്ടിൽ എത്തിച്ചത്.

ഷൂട്ടൗട്ടിൽ ഒരിക്കൽ കൂടി എമിലിയാനോ മാർട്ടിനസിന്റെ ആത്മവിശ്വാസം അർജന്റീനയെ രക്ഷിക്കുന്നതാണ് കണ്ടത്. അർജന്റീന താരങ്ങൾ എടുത്ത നാല് കിക്കുകളും ലക്‌ഷ്യം കണ്ടപ്പോൾ കിങ്‌സ്‌ലി കോമൻ എടുത്ത രണ്ടാമത്തെ കിക്ക് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനസ് നൽകിയ ആത്മവിശ്വാസം അർജന്റീനക്ക് വലിയൊരു ഉണർവ് നൽകി. അതിനു പിന്നാലെ ഷുവാമേനി കിക്ക് പാഴാക്കുകയും ചെയ്‌തതോടെ അർജന്റീനക്ക് മേധാവിത്വം വർധിച്ചു. നിർണായക കിക്ക് മോണ്ടിയൽ വലയിലാക്കുകയും ചെയ്‌തതോടെ 1986നു ശേഷം ആദ്യത്തെ കിരീടമെന്ന അർജന്റീനയുടെ സ്വപ്‌നം സഫലമായി.