മെസിയുടെ ആദ്യഗോൾ, ഇതാണ് പ്രത്യാക്രമണമെന്ന് പഠിപ്പിച്ച രണ്ടാം ഗോൾ; ഫ്രാൻസിനെതിരെ ആദ്യപകുതി അർജന്റീനക്ക് സ്വന്തം

ലോകകപ്പ് ഫൈനൽ ആദ്യപകുതി പിന്നിടുമ്പോൾ ഫ്രാൻസിനെതിരെ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിൽ. ലയണൽ മെസി, ഏഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഫ്രാൻസിന്റെ മികച്ച താരനിരക്കെതിരെ അർജന്റീന മികച്ച പ്രകടനം നടത്തുന്നതാണ് മത്സരത്തിൽ കണ്ടത്. ഒരു തരത്തിലും അർജന്റീന പ്രതിരോധത്തിനും ഗോൾകീപ്പർക്കും ഭീഷണിയാവാൻ ആദ്യപകുതിയിൽ ഫ്രാൻസിന് കഴിഞ്ഞില്ല.

ഫ്രാൻസിന്റെ കരുത്തുറ്റ സ്‌ക്വാഡിനെതിരെ അർജന്റീന ആധിപത്യം സ്ഥാപിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്. എംബാപ്പെയും ജിറൂദും ഡെംബലെയുമടങ്ങുന്ന മുന്നേറ്റനിര പന്ത് തൊടാൻ തന്നെ വിഷമിച്ചപ്പോൾ അർജന്റീന കളം നിറഞ്ഞു കളിക്കുകയും നിരവധി അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. ഏഞ്ചൽ ഡി മരിയയെ മുന്നേറ്റനിരയിൽ ഇറക്കിയ സ്‌കലോണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിന്റെ ആദ്യപകുതി.

ആക്രമിച്ചു കളിച്ച അർജന്റീന ഇരുപത്തിമൂന്നാം മിനുട്ടിൽ മത്സരത്തിലെ ആദ്യത്തെ ഗോൾ നേടി. ഏഞ്ചൽ ഡി മരിയ തന്റെ പരിചയസമ്പത്ത് കളിക്കളത്തിൽ പ്രകടിപ്പിച്ചപ്പോൾ അതിനു തലവെച്ചു കൊടുത്ത ഒസ്മാനെ ഡെംബലെയുടെ പിഴവ് ഒരു പെനാൽറ്റിയിൽ അവസാനിച്ചു. കിക്കെടുത്ത മെസി ലോറിസിനെ കീഴടക്കി അത് കൃത്യമായി വലയിലെത്തിച്ച് അർജന്റീനയെ മുന്നിലെത്തിച്ചു.

ഒരു ഗോൾ വഴങ്ങിയാൽ പ്രതിരോധത്തിലേക്ക് ചുവടുമാറുകയെന്ന പതിവ് രീതി അർജന്റീന ഫ്രാൻസിനെതിരെ കാണിച്ചില്ല. ഗോൾ നേടിയിട്ടും കൃത്യമായി അവർ ആക്രമണങ്ങളിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്തുകൊണ്ടാണ് ഫ്രാൻസ് ആക്രമണം നടത്താതിരുന്നത് എന്ന് തെളിയിച്ചാണ് അർജന്റീനയുടെ രണ്ടാമത്തെ ഗോൾ വരുന്നത്. പ്രത്യാക്രമണത്തിന്റെ ഏറ്റവും മൂർത്തമായ രൂപമായിരുന്നു അർജന്റീന നേടിയ രണ്ടാമത്തെ ഗോൾ.

ഫ്രാൻസിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചത് അർജന്റീന പ്രതിരോധം കൃത്യമായി അകറ്റിയപ്പോൾ പന്ത് ലഭിച്ച മെസി അത് വലതു വിങ്ങിൽ നിന്നിരുന്ന അൽവാരസിനു നൽകി. ഒന്ന് മുന്നേറിയ ശേഷം അൽവാരസ് അത് ഫ്രാൻസ് പ്രതിരോധം സൃഷ്‌ടിച്ച വിടവിലൂടെ മുന്നോട്ടു പോവുകയായിരുന്ന മാക് അലിസ്റ്ററിനു നൽകി. മാക് അലിസ്റ്റർ ഡി മരിയക്ക് നൽകിയ പന്ത് താരം കൃത്യമായി വലയിലെത്തിക്കുകയും ചെയ്‌തു.

രണ്ടു ഗോൾ വഴങ്ങിയതിനു പിന്നാലെ ഫ്രാൻസ് ജിറൂദ്, ഡെംബലെ എന്നിവരെ പിൻവലിച്ച് കൊളോ മുവാനി, മാർക്കസ് തുറാം എന്നിവരെ കളത്തിലിറക്കി. എന്നാൽ അർജന്റീന പ്രതിരോധത്തിന് ഭീഷണിയുയർത്താൻ ഒരു തരത്തിലും ഫ്രാൻസിന് കഴിഞ്ഞില്ല. ആദ്യപകുതി അവസാനിക്കുമ്പോൾ അർജന്റീന ആറു ഷോട്ടുകൾ ഉതിർത്തപ്പോൾ ഫ്രാൻസിന് ഒരൊറ്റ ഷോട്ട് പോലുമുതിർക്കാൻ കഴിഞ്ഞില്ല.