മത്സരത്തിനിറങ്ങും മുൻപ് അർജന്റീനക്ക് തിരിച്ചടി, ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ താരത്തെ ഒഴിവാക്കി

ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിനിറങ്ങും മുൻപ് അർജന്റീനക്ക് തിരിച്ചടി. ആദ്യ ഇലവൻ പ്രഖ്യാപിച്ചതിനു ശേഷം ഒരു താരത്തെ മാറ്റിയിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ മൂലം പുറത്തിരുന്ന മാർക്കോസ് അക്യൂന ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ അക്യൂനയെ മാറ്റി നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ലയണൽ സ്‌കലോണി ടീം ഇലവനിൽ ഉൾപ്പെടുത്തി.

റിപ്പോർട്ടുകൾ പ്രകാരം പരിക്കാണ് അക്യൂനയെ ആദ്യ ഇലവനിൽ നിന്നും മാറ്റാൻ സ്‌കലോണി തീരുമാനിക്കാൻ കാരണം. ഇതോടെ അർജന്റീനക്ക് ഒരു താരത്തെ ടീമിൽ നിന്നും നഷ്‌ടമായതിനു സമമാണ്. മത്സരത്തിനിടെ ടാഗ്ലിയാഫിക്കോക്ക് പരിക്ക് പറ്റിയാൽ അതിനു പകരക്കാരനായി മറ്റൊരു താരം അർജന്റീന ടീമിലില്ല. ഇത് അർജന്റീനയുടെ പദ്ധതികളെ തന്നെ ബാധിക്കും.

ഈ ലോകകപ്പിൽ ടാഗ്ലിയാഫിക്കോ ആകെ ഒരു മത്സരത്തിൽ മാത്രമേ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നുള്ളൂ. അക്യൂനക്ക് സസ്‌പെൻഷൻ ലഭിച്ച ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിൽ. മികച്ച പ്രകടനം താരം മത്സരത്തിൽ കാഴ്‌ച വെച്ചിരുന്നു. ടീമിന് ക്ലീൻ ഷീറ്റ് നേടിക്കൊടുക്കാനും താരത്തിന് കഴിഞ്ഞു. എന്നാൽ കൂടുതൽ കായികശേഷിയുള്ള അക്യൂനോയെ നഷ്‌ടമായാത് അർജന്റീനക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

അർജന്റീന ആദ്യ ഇലവൻ: എമിലിയാനോ മാർട്ടിനസ് (ഗോൾകീപ്പർ); നാഹ്വൽ മോളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലൈയാഫിക്കോ (പ്രതിരോധം); എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, അലക്‌സിസ് മാക് അലിസ്റ്റർ (മധ്യനിര); ലയണൽ മെസി, ജൂലിയൻ അൽവാരസ്, ഏഞ്ചൽ ഡി മരിയ (മുന്നേറ്റനിര)