മൊറോക്കോ-ഫ്രാൻസ് സെമി ഫൈനൽ വിവാദത്തിൽ, ഫിഫക്ക് പരാതി നൽകി മൊറോക്കോ
വീഡിയോ റഫറിയും ഉയർന്ന സാങ്കേതികവിദ്യയുടെ സഹായവുമെല്ലാം ഉണ്ടായിട്ടും ഖത്തർ ലോകകപ്പിലെ നിരവധി മത്സരങ്ങൾക്കു ശേഷം വിവാദങ്ങൾ ഉയർന്നിരുന്നു. മത്സരം നിയന്ത്രിച്ച റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ പല താരങ്ങളും വിമർശനം നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസം മൊറോക്കോയും ഫ്രാൻസും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരവും ഇതിൽ നിന്നും വ്യത്യസ്തമല്ല. മത്സരത്തിലെ റഫറിയിങ്ങുമായി ബന്ധപ്പെട്ട് മൊറോക്കോ ഫുട്ബോൾ ഫെഡറേഷൻ ഫിഫക്ക് പരാതി നൽകാൻ തീരുമാനമെടുത്തു കഴിഞ്ഞു.
മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ ഫ്രാൻസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നിരുന്നു. എന്നാൽ ഈ മത്സരം നിയന്ത്രിച്ച മെക്സിക്കൻ റഫറിയായ സെസാർ റാമോസ് എടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്യാനാണ് ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മത്സരത്തിൽ തങ്ങളുടെ ടീമിന് അനുകൂലമായി ലഭിക്കേണ്ട രണ്ടു പെനാൽട്ടി തീരുമാനങ്ങൾ റഫറി പൂർണമായും ഒഴിവാക്കിയെന്നാണ് പരാതിയിൽ അവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
Morocco launch an official complaint to FIFA about World Cup referee Cesar Ramos after their 2-0 defeat by France https://t.co/lxDhm49dNH
— MailOnline Sport (@MailSport) December 15, 2022
മത്സരത്തിലെ ആദ്യത്തെ സംഭവം ഉണ്ടായത് ആദ്യപകുതിയിലാണ്. ഫ്രഞ്ച് ബോക്സിൽ സോഫിയാനെ ബൗഫലും തിയോ ഫെർണാണ്ടസും തമ്മിലുണ്ടായ ഫൗളിൽ മൊറോക്കോക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുമെന്നാണ് മൊറോക്കോ ആരാധകർ കരുതിയിരുന്നത്. എന്നാൽ അതിനു പകരമായി ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് വിധിച്ച റഫറി ബൗഫലിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. ഈ ഫൗൾ വീഡിയോ റഫറി പരിശോധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
രണ്ടാമത്തെ സംഭവം സെലിം അമല്ലാഹുമായി ബന്ധപ്പെട്ടാണ്. ഒരു സെറ്റ്പീസ് എടുക്കുന്ന സമയത്ത് താരം ഫ്രഞ്ച് ബോക്സിൽ വീണെങ്കിലും അത് റഫറി ഒരു തരത്തിലും പരിഗണിച്ചില്ല. വീഡിയോ റഫറിയുടെ ഇടപെടലും സംഭവത്തിൽ ഉണ്ടായില്ല. ലൂസേഴ്സ് ഫൈനലിന് ഒരു ദിവസവും ഫൈനലിന് രണ്ടു ദിവസവും മാത്രം ബാക്കി നിൽക്കെ മൊറോക്കോ നൽകുന്ന പരാതിയിൽ അനുകൂലമായ തീരുമാനമുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും മൊറോക്കൻ ആരാധകർ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.