“ഞാൻ ചെയ്‌തത്‌ മെസിക്ക് ഇഷ്‌ടമായില്ലെന്നു തോന്നുന്നു, എങ്കിലും മെസിയോട് ബഹുമാനമുണ്ട്”- വെളിപ്പെടുത്തലുമായി നെതർലാൻഡ്‌സ് താരം

ഫ്രാൻസിനെതിരായ ഫൈനൽ പോലെ തന്നെ ലോകകപ്പിൽ അർജന്റീനക്ക് വളരെയധികം ബുദ്ധിമുട്ട് നൽകിയ പോരാട്ടമായിരുന്നു ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ നടന്നത്. രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഹോളണ്ട് തിരിച്ചു വന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ഓറഞ്ചുപടയെ മറികടന്നാണ് മെസിയും സംഘവും സെമി ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിലെ പോലെ തന്നെ എമിലിയാനോ മാർട്ടിനസാണ്‌ ഹോളണ്ടിനെതിരെയും അർജന്റീനയുടെ രക്ഷകനായത്.

മത്സരത്തിനു ശേഷം ലയണൽ മെസി നടത്തിയ പരാമർശങ്ങൾ വളരെയധികം ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഹോളണ്ടിന്റെ തിരിച്ചു വരവിനു കാരണമായ രണ്ടു ഗോളുകൾ നേടിയ വെഘോസ്റ്റിനെ മെസി വിഡ്ഢി എന്നു വിളിച്ചതിനു പുറമെ താരത്തിനെതിരെ വിമർശനം നടത്തുകയും ചെയ്‌തു. മൈതാനത്തു വെച്ച് മെസിയെ പ്രകോപിപ്പിച്ചതിനും ഹോളണ്ട് പരിശീലകൻ അർജന്റീന ടീമിനെതിരെ നടത്തിയ പരാമർശങ്ങളിലുമുള്ള ദേഷ്യം കൊണ്ടാണ് മെസി താരത്തിനോട് തന്റെ ദേഷ്യം പ്രകടിപ്പിച്ചത്.

അതേസമയം ലയണൽ മെസിയോട് തനിക്ക് ബഹുമാനം മാത്രമേയുള്ളുവെന്നാണ് വെഘോസ്റ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. “ഞാൻ ടീമിനായി എന്റെ എല്ലാം നൽകും, ക്വാർട്ടർ ഫൈനലിലും അതു തന്നെയാണ് ചെയ്‌തത്‌. മെസിക്കെതിരെയാണ് ഞാൻ പോരാടിയത്, ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ വന്ന ചില നിമിഷങ്ങൾ ഉണ്ടായിരുന്നു. മെസിക്കത് അവിശ്വസനീയമായി തോന്നിയെന്നും ഇഷ്‌ടമായില്ലെന്നും ഞാൻ കരുതുന്നു. പക്ഷെ എനിക്ക് താരത്തോട് ബഹുമാനം മാത്രമേയുള്ളൂ. മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്.”

“എന്റെ ബഹുമാനം മത്സരത്തിനു ശേഷം മെസിയെ അറിയിക്കണമെന്നാണ് ഞാൻ കരുതിയത്. പക്ഷെ താരത്തിനത് ആവശ്യമില്ലായിരുന്നു. മെസിക്കിപ്പോഴും എന്നോട് ദേഷ്യം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. മെസിക്കെന്റെ പേരറിയാമെന്നത് ഞാൻ വലിയൊരു അഭിനന്ദനമായി കരുതുന്നു. ഞാൻ ശരിയായ കാര്യം തന്നെയാണ് ചെയ്‌തതെന്ന്‌ സമാധാനിക്കാം.” താരം ഡച്ച് മാധ്യമം ഡി ടെലെഗ്രാഫിനോഫ് പറഞ്ഞു.

ബേൺലിയിൽ നിന്നും ലോണിൽ തുർക്കിഷ് ക്ലബായ ബേസിക്റ്റസിലാണ് വെഘോസ്റ്റ് കളിക്കുന്നത്. ലോകകപ്പിന് ശേഷം ബുധനാഴ്‌ച കളത്തിലിറങ്ങിയ താരം തുർക്കിഷ് ക്ലബിൽ ബെസിക്ക്റ്റസ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിനായി വല കുലുക്കിയിരുന്നു. അതിനു ശേഷമാണ് താരം മെസിയുമായുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിച്ചത്.

fpm_start( "true" ); /* ]]> */