ലയണൽ മെസി ലോകകപ്പ് നേടിയതിനു ശേഷം സോഷ്യൽ മീഡിയയിൽ ആദ്യമായി പ്രതികരിച്ച് റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വളരെയധികം നിരാശപ്പെടുത്തിയ സീസണാണ് ഇത്തവണത്തേത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും പോർച്ചുഗലിന്റെ ലോകകപ്പ് ടീമിലും പകരക്കാരനായി മാറിയ താരം ലോകകപ്പിനു മുൻപേ നടത്തിയ വിമർശനങ്ങളുടെ ഭാഗമായി ക്ലബിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്‌തു. ഖത്തർ ലോകകപ്പിൽ താരം തിളങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും ആദ്യത്തെ മത്സരത്തിൽ നേടിയ ഒരൊറ്റ ഗോൾ മാത്രമാണ് റൊണാൾഡോക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്.

അതേസമയം റൊണാൾഡോയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന ലയണൽ മെസിയെ സംബന്ധിച്ച് ഈ ലോകകപ്പ് ഏറ്റവും മികച്ചതായിരുന്നു. അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടിയ മെസി കരിയറിൽ പൂർണത കൈവരിക്കുകയും ലോകകപ്പിലെ ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്‌തു. ചരിത്രത്തിൽ ആദ്യമായി രണ്ടു ഗോൾഡൻ ബോൾ സ്വന്തമാക്കിയ താരമായതിലും മെസിയുടെ കിരീടനേട്ടത്തിലും റൊണാൾഡോ എങ്ങിനെയാണ് പ്രതികരിക്കുകയെന്നറിയാൻ ആരാധകർക്ക് ആഗ്രഹവും ഉണ്ടായിരുന്നു.

ലോകകപ്പിൽ പോർച്ചുഗൽ ടീം ക്വാർട്ടറിൽ തോറ്റു പുറത്തായതിനു ശേഷം സോഷ്യൽ മീഡിയയിൽ നിശബ്‌ദത പുലർത്തിയ താരം അതിനു ശേഷമുള്ള ആദ്യത്തെ പോസ്റ്റ് ഇന്നിട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി തന്റെ ചിത്രമാണ് റൊണാൾഡോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. സ്വിമ്മിങ് പൂളിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന റൊണാൾഡോ വളരെയധികം സന്തോഷവാനായാണ് കാണപ്പെടുന്നത്. അതിനൊപ്പം വിന്റർ സീസണിൽ താൻ പരിശീലനം നടത്തുന്നതു സൂചിപ്പിക്കുന്ന ഏതാനും ഇമോജികളും താരം അതിനൊപ്പം ചേർത്തിട്ടുണ്ട്.

അതിനിടയിൽ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വളരെയധികം ശക്തമാണ്. ജനുവരിയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് റൊണാൾഡോ ചേക്കേറുമെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും താരം സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാർ ഒപ്പിടുന്നതിന്റെ അരികിലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്ലബുമായി കരാർ ഒപ്പിടുന്നതിനു പുറമെ 2030 ലോകകപ്പിനായി ശ്രമം നടത്തുന്ന സൗദി അറേബ്യയുടെ അംബാസിഡറായി താരമെത്തുമെന്ന വാർത്തകളും ഇപ്പോഴുണ്ട്.

fpm_start( "true" ); /* ]]> */