“ലയണൽ മെസി കാണിച്ചത് മര്യാദയില്ലായ്‌മ”- അർജന്റീന നായകനെതിരെ വിമർശനവുമായി പിയേഴ്‌സ് മോർഗൻ

മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീമിന് അഭിനന്ദനങ്ങളുടെ ഒപ്പം തന്നെ വിമർശനങ്ങളും കൂടെയുണ്ട്. പ്രധാനമായും പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹീറോയായ എമിലിയാനോ മാർട്ടിനസാണ്‌. ഫൈനൽ വിജയത്തിന് ശേഷം എംബാപ്പയെ തുടർച്ചയായി കളിയാക്കിയതിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ താരം ഏറ്റു വാങ്ങുന്നുണ്ട്. താരത്തെ നിരവധി പേർ പിന്തുണക്കുന്നുണ്ടെങ്കിലും അതിനൊപ്പം തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്.

എമിലിയാനോ മാർട്ടിനസിന്റെ ചെയ്‌തികളുടെ പേരിൽ താരം മാത്രമല്ല, ടീമിന്റെ നായകനായ ലയണൽ മെസിയും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണിപ്പോൾ. അർജന്റീന ടീം ലോകകപ്പ് വിജയം നേടിയതിനു ശേഷം രാജ്യത്ത് നടത്തിയ ആഘോഷങ്ങളുടെ ഇടയിൽ എംബാപ്പയെ ചെറിയ കുട്ടിയായി കാണിക്കുന്ന പാവ എമിലിയാനോ മാർട്ടിനസ് എടുത്ത് നിൽക്കുന്നതിന്റെ ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇതിന്റെ പേരിൽ മെസിക്കും വിമർശനം നേരിടേണ്ടി വന്നത്.

ആരാധകക്കൂട്ടത്തിൽ നിന്നും ആരോ എറിഞ്ഞു കൊടുത്ത പാവയും കയ്യിൽ പിടിച്ച് എമിലിയാനോ മാർട്ടിനസ് നിൽക്കുമ്പോൾ അതിനു തൊട്ടരികിൽ തന്നെ ലയണൽ മെസിയും നിൽക്കുന്നുണ്ട്. എമിലിയാനോ മാർട്ടിനസ് എംബാപ്പയെ കളിയാക്കുകയാണ് എന്നറിയാമായിരുന്നിട്ടും ലയണൽ മെസി അതിനെ തടഞ്ഞില്ല എന്നതാണ് താരത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. കഴിഞ്ഞ ദിവസം പിയേഴ്‌സ് മോർഗനും ഇക്കാര്യത്തിൽ ലയണൽ മെസിക്കെതിരെ വിമർശനം നടത്തുകയുണ്ടായി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവത്തിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതിനു ശേഷം പിയേഴ്‌സ് മോർഗൻ കുറിച്ചത് ഇങ്ങിനെയായിരുന്നു. “എംബാപ്പയെ ഇതുപോലെ കളിയാക്കാൻ എമിലിയാനോ മാർട്ടിനസിനെ ലയണൽ മെസി അനുവദിക്കുന്നത് എന്തുകൊണ്ടാണ്. അവർ പിഎസ്‌ജിയിൽ സഹതാരങ്ങളാണ്. ഇതു വളരെ വിചിത്രവും മര്യാദകേടുമായി തോന്നുന്നു.” അദ്ദേഹം കുറിച്ചു.

റൊണാൾഡോയുമായി അഭിമുഖം നടത്തി പ്രമുഖനായ മോർഗൻ റൊണാൾഡോയെ പിന്തുണക്കുന്ന വ്യക്തിയായതിനാൽ തന്നെ ലയണൽ മെസിക്കെതിരെ നടന്ന വിമർശനത്തിൽ അത്ഭുതമില്ല. അതേസമയം ഈ വിഷയത്തിൽ എമിലിയാനോ മാർട്ടിനസിനു പിന്തുണയും വരുന്നുണ്ട്. ലോകകപ്പിനു മുൻപ് ലാറ്റിനമേരിക്കൻ ഫുട്ബോളിനെ എംബാപ്പെ വിമർശിച്ചതിന് താരം അർഹിച്ച മറുപടി തന്നെയാണ് നൽകിയതെന്ന് എമിലിയാനോയെ പിന്തുണക്കുന്നവർ പറയുന്നു.

fpm_start( "true" ); /* ]]> */