സൗദി അറേബ്യയുമായി റൊണാൾഡോ ഏഴു വർഷത്തെ കരാറൊപ്പിടും, മെസിയുമായി ഒരുമിച്ച് പ്രവർത്തിക്കാനും സാധ്യത

ലോകകപ്പിനിടയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി കരാർ ഒപ്പിടുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നെങ്കിലും താരം തന്നെ അതു നിഷേധിച്ചു രംഗത്തു വന്നതോടെ അഭ്യൂഹങ്ങൾ ഏറെക്കുറെ അവസാനിച്ചിരുന്നു. എന്നാൽ അന്നു വന്ന റിപ്പോർട്ടുകൾ സത്യമാകുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബുമായി കൂടുതൽ അടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുണ്ടായിരുന്നെങ്കിലും ലോകകപ്പിനു മുൻപേ നടത്തിയ ഒരു അഭിമുഖത്തിൽ ക്ലബിനെതിരെ രൂക്ഷമായ വിമർശനം റൊണാൾഡോ നടത്തിയിരുന്നു. ഇതേത്തുടർന്ന് ക്ലബ് താരത്തിനെതിരെ നടപടി സ്വീകരിക്കുകയും നിലവിലുള്ള കരാർ റദ്ദാക്കുകയും ചെയ്‌തിരുന്നു. ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയ റൊണാൾഡോ കഴിഞ്ഞ ദിവസം സൗദിയിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് താരം അൽ നാസറുമായി കരാർ ഒപ്പിടുമെന്ന റിപ്പോർട്ടുകൾ ശക്തമായത്.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുനൂറു മില്യൺ യൂറോ ഒരു വർഷത്തിൽ പ്രതിഫലം വാങ്ങി അൽ നാസറുമായി രണ്ടു വർഷത്തെ കരാറാണ് റൊണാൾഡോ ഒപ്പുവെക്കാനൊരുങ്ങുന്നത്. എന്നാൽ താരവും സൗദിയും തമ്മിലുള്ള കരാർ അവിടം കൊണ്ടും അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2030ലെ ലോകകപ്പ് ടൂർണമെന്റ് നടത്താൻ ഗ്രീസ്, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചേർന്ന് സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്. ഇതിനു കരുത്ത് നൽകാൻ സൗദിയുടെ അംബാസിഡറായി റൊണാൾഡോയെ നിയമിക്കുമെന്നും ഏഴു വർഷത്തെ കരാർ താരം ഒപ്പിടുമെന്നും നിലവിൽ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നു.

നിലവിൽ ലയണൽ മെസി സൗദി അറേബ്യയുടെ അംബാസിഡറാണ്. രാജ്യത്തിന്റെ ടൂറിസം ക്യാംപയിനിന്റെ ഭാഗമായാണ് ലയണൽ മെസി അംബാസിഡറായി പ്രവർത്തിക്കുന്നത്. ഇതിനൊപ്പം റൊണാൾഡോയും ചേർന്നാൽ ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസതാരങ്ങളെ ഒരുമിപ്പിക്കാൻ സൗദി അറേബ്യക്ക് കഴിയും. ഫുട്ബോൾ ആരാധകരുടെ മാത്രമല്ല, ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇതോടെ സൗദി അറേബ്യയുടെ മേലെയാകും. ഖത്തർ ലോകകപ്പ് വലിയ വിജയമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് ലോകകപ്പ് എത്തിക്കാനുള്ള നീക്കങ്ങൾക്കും ഇത് കരുത്തു പകരും.