മെസിക്കും റൊണാൾഡൊക്കുമൊപ്പമെത്താൻ എംബാപ്പെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറണമെന്ന് വെയ്ൻ റൂണി

ലയണൽ മെസിക്കും റൊണാൾഡോക്കും ശേഷം ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്നത് താൻ തന്നെയാണെന്ന് കിലിയൻ എംബാപ്പെ നേരത്തെ തെളിയിച്ചു കഴിഞ്ഞതാണെങ്കിലും ഈ ലോകകപ്പോടെ അതൊന്നു കൂടി ഊട്ടിയുറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ലോകകിരീടം നഷ്‌ടമായെങ്കിലും ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം കളിക്കാരനായി, ടൂർണമെന്റിന്റെ ടോപ് സ്‌കോറർ സ്ഥാനം ഇരുപത്തിനാലുകാരനായ താരം സ്വന്തമാക്കി. കരിയറിൽ ഇനിയും ഒരുപാട് സമയം ബാക്കിയുള്ളതിനാൽ നിരവധി റെക്കോർഡുകൾ എംബാപ്പെ ഇനിയും തകർക്കുമെന്നതിൽ സംശയമില്ല.

ഫ്രാൻസ് ടീമിനൊപ്പം പത്തൊൻപതാം വയസിൽ തന്നെ ലോകകപ്പ് നേടിയ താരം ഇരുപത്തിമൂന്നാം വയസിൽ വീണ്ടും ഫൈനൽ കളിച്ചു. ഇതിനു പുറമെ ഒരു നേഷൻസ് ലീഗ് കിരീടവും എംബാപ്പെ ഫ്രാൻസിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി നേട്ടങ്ങൾ സസ്വന്തമാക്കി, റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണെങ്കിലും ഇതുവരെയും ചാമ്പ്യൻസ് ലീഗ് കിരീടം എംബാപ്പെക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അതു നേടാനും ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പമെത്താനും എംബാപ്പെ പിഎസ്‌ജി വിട്ട് മറ്റേതെങ്കിലും ലീഗിലേക്ക് ചേക്കേറണമെന്നാണ് മുൻ ഇംഗ്ലണ്ട് താരം വെയ്ൻ റൂണി പറയുന്നത്.

“എംബാപ്പെ ആ ക്ലബ് വിട്ട് പ്രീമിയർ ലീഗിലേക്ക് ചേക്കേറണമെന്നാണ് ഞാൻ കരുതുന്നത്. പിഎസ്‌ജി വലിയൊരു ക്ലബാണ്, എന്നാൽ താരം ഫ്രഞ്ച് ലീഗിൽ ചെയ്യാനുള്ളതെല്ലാം ചെയ്‌തുവെന്നാണ് ഞാൻ കരുതുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ റയൽ മാഡ്രിഡിലേക്കോ താരത്തിന് ചേക്കേറാം. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പമെത്താൻ എംബാപ്പെ ആഗ്രഹിക്കുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ റയൽ മാഡ്രിഡിലേക്കോ താരം ചേക്കേറണം.” വെയ്ൻ റൂണി സ്പോർട്ട് 18നോട് സംസാരിക്കുമ്പോൾ പറഞ്ഞു.

കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലായിരുന്നു എംബാപ്പെ. എന്നാൽ അവസാന നിമിഷത്തിൽ അതിൽ നിന്നും പിന്മാറിയ താരം പിഎസ്‌ജിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. 2025 വരെ കരാർ ഒപ്പുവെച്ച താരം 91 മില്യൺ യൂറോയാണ് ഒരു സീസണിൽ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.