റൊണാൾഡോയുടെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത, അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ന്യൂകാസിൽ പരിശീലകൻ | Cristiano Ronaldo
സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതോടെ റൊണാൾഡോ ഇനി ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെന്ന നിരാശയിലായിരുന്നു ആരാധകർക്ക് ആശ്വാസം നൽകിയാണ് റൊണാൾഡോയുടെ അൽ നസ്ർ കരാറിലെ ഒരു ഉടമ്പടിയുമായി ബന്ധപ്പെട്ട വാർത്തകൾ വന്നത്. ഈ ഉടമ്പടി പ്രകാരം പ്രീമിയർ ലീഗിൽ സൗദിയുടെ ഉടമസ്ഥതയിലുള്ള ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ റൊണാൾഡോക്ക് അവിടേക്ക് ചേക്കേറാൻ കഴിയുമെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഇതോടെ താരം വീണ്ടും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുമെന്ന പ്രതീക്ഷ ആരാധകരിലും വളർന്നു.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരുടെ പ്രതീക്ഷകളെല്ലാം തകർക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായ എഡ്ഡീ ഹോവേ നടത്തിയത്. റൊണാൾഡോ താൻ പരിശീലകനായ ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ള എല്ലാ അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. “പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ പോയ റൊണാൾഡോക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. പക്ഷെ ഞങ്ങളുമായി താരത്തെ ബന്ധപ്പെടുത്തി ഉയരുന്ന അഭ്യൂഹങ്ങളിൽ യാതൊരു സത്യവുമില്ല.” സ്കൈ സ്പോർട്ട്സിനോട് കഴിഞ്ഞ ദിവസം സംസാരിക്കെ അദ്ദേഹം പറഞ്ഞു.
സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് കഴിഞ്ഞ സീസണിന്റെ ഇടയിലാണ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. അതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബായി മാറിയ അവർ അതിനു ശേഷം വലിയ കുതിപ്പാണ് കാഴ്ച വെക്കുന്നത്. രണ്ടു ട്രാൻസ്ഫർ ജാലകങ്ങളിലായി ടീമിനു വേണ്ട താരങ്ങളെ എത്തിച്ച അവർ നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. ജനുവരി ജാലകത്തിൽ അവർ ടീമിനെ വീണ്ടും ശക്തിപ്പെടുത്തും എന്നുറപ്പായിരിക്കെ ഈ സീസണിൽ ടോപ് ഫോർ നേടാനുള്ള സാധ്യതയുണ്ട്.
Newcastle manager Eddie Howe denies any specific clause to sign Ronaldo in June: “We wish Cristiano all the best in his new chapter, but there's no truth in that from our perspective” 🚨⚪️⚫️ #NUFC
— Fabrizio Romano (@FabrizioRomano) January 4, 2023
“It’s not true that we have that kind of clause”. pic.twitter.com/VhbPHot1YS
അതേസമയം യൂറോപ്പിലേക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടാകില്ലെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സൂചിപ്പിച്ചത്. സൗദി ക്ലബായ അൽ നസ്റിൽ താരത്തെ അവതരിപ്പിച്ച ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റൊണാൾഡോ ഇതേക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. യൂറോപ്പിലെ തന്റെ ജോലി കഴിഞ്ഞുവെന്നും അവിടെ എല്ലാ റെക്കോർഡുകളും തകർത്ത താൻ ഇനി ഇവിടെയുള്ള റെക്കോർഡുകൾ തകർക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നാണ് റൊണാൾഡോ പറഞ്ഞത്. യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കായി താൻ കളിച്ചുവെന്നും റൊണാൾഡോ പറഞ്ഞിരുന്നു.
അതേസമയം റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. ചാമ്പ്യൻസ് ലീഗിൽ കളിക്കുകയെന്നത് താരത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഈ സീസണിൽ സൗദി ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തിയാൽ ചിലപ്പോൾ യൂറോപ്പിൽ നിന്നും റൊണാൾഡോയെ തേടി ഓഫറുകൾ വരാനുള്ള സാധ്യതയുണ്ട്. എന്നാൽ സൗദി ക്ലബുമായി രണ്ടര വർഷത്തെ കരാറൊപ്പിട്ട താരത്തെ അവർ വിട്ടുകൊടുക്കാനുള്ള സാധ്യതയില്ല.