റയൽ മാഡ്രിഡിനെ പേടിയില്ല, എംബാപ്പയെ റാഞ്ചാൻ പിഎസ്‌ജി സാധ്യത കൽപ്പിക്കുന്നത് ഒരേയൊരു ക്ലബിനു മാത്രം | Mbappe

ഒരിടവേളക്ക് ശേഷം എംബാപ്പെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വീണ്ടും ശക്തി പ്രാപിച്ചു വരികയാണ്. ഈ സീസൺ അവസാനിക്കുന്നതോടെ പിഎസ്‌ജി കരാർ അവസാനിക്കാൻ പോകുന്ന താരത്തിന് ജനുവരി ഒന്നു മുതൽ ഏതു ക്ലബുമായും ട്രാൻസ്‌ഫർ ചർച്ചകൾ നടത്താനും അടുത്ത സമ്മറിൽ അവിടേക്ക് ചേക്കേറാനുള്ള പ്രീ കോണ്ട്രാക്റ്റ് ഒപ്പുവെക്കാനും കഴിയും. ഇതുവരെ താരവുമായി കരാർ പുതുക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല.

നേരത്തെ എംബാപ്പയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ക്ലബ് റയൽ മാഡ്രിഡ് ആയിരുന്നു. എന്നാൽ നിലവിൽ എംബാപ്പയുടെ കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പിഎസ്‌ജി ഭയപ്പെടുന്നത് റയൽ മാഡ്രിഡിനെയല്ല. രണ്ടു തവണ റയൽ മാഡ്രിഡിനെ തഴഞ്ഞ താരം അവിടേക്ക് പോകാനുള്ള തീരുമാനം നിലവിലെ സാഹചര്യത്തിൽ എടുക്കില്ലെന്നാണ് പിഎസ്‌ജി കരുതുന്നത്.

അതേസമയം എമ്പാപ്പെക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പിഎസ്‌ജി പ്രധാന വെല്ലുവിളിയായി കരുതുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെയാണ്. ഇരുപത്തിയഞ്ചുകാരനായ താരത്തെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാൻ ക്ളോപ്പിനു കഴിയുമെന്ന് പിഎസ്‌ജി കരുതുന്നതായി ലെ പാരീസിയൻ റിപ്പോർട്ടു ചെയ്യുന്നു. ക്ളോപ്പും എംബാപ്പയും തമ്മിൽ മികച്ച സൗഹൃദവും നിലനിൽക്കുന്നുണ്ട്.

നിലവിൽ ലിവർപൂളിന്റെ സൂപ്പർ താരമായ മൊഹമ്മദ് സലായുടെ കരാർ അവസാനിക്കാൻ പോവുകയാണ്. സൗദി പ്രൊ ലീഗ് ക്ലബുകൾ വമ്പൻ ഓഫറുമായി താരത്തിന് പിന്നിലുള്ളതിനാൽ ഈജിപ്ഷ്യൻ ഫോർവേഡിനെ അവർക്ക് നിലനിർത്താൻ കഴിഞ്ഞേക്കില്ല. അതിനാൽ തന്നെ അതിനു പകരക്കാരനായി എംബാപ്പയെ എത്തിക്കാനായാൽ യൂറോപ്പിൽ ആധിപത്യം നിലനിർത്താൻ ടീമിന് കഴിയും.

എംബാപ്പയും ക്ളോപ്പും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും ഇതിൽ അവസാനത്തെ തീരുമാനം ഫ്രഞ്ച് താരം തന്നെയാകും എടുക്കുക. താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജി സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് സാധിക്കുമോയെന്ന നിലവിലെ സാഹചര്യത്തിൽ ഉറപ്പിക്കാൻ കഴിയില്ല.

PSG Thinks Liverpool Most Dangerous Candidate to Sign Mbappe