“ലോകകപ്പ് ഫൈനലിൽ മെസി അർജന്റീനയുടെ മൂന്നാമത്തെ ഗോളടിച്ചപ്പോൾ കരഞ്ഞു പോയി”- വെളിപ്പെടുത്തലുമായി കടുത്ത റയൽ മാഡ്രിഡ് ആരാധകനായ റാഫേൽ നദാൽ

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടിയത് അർജന്റീന ആരാധകർക്ക് മാത്രമല്ല സന്തോഷം നൽകിയത്. അർജന്റീന ആരാധകരല്ലാതിരുന്നിട്ടും കടുത്ത ലയണൽ മെസി ആരാധകരായ നിരവധി പേർക്ക് ലയണൽ മെസിയുടെ കിരീടനേട്ടം വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. അതിലൊരാളാണ് ടെന്നീസ് ഇതിഹാസമായ റാഫേൽ നദാൽ. കഴിഞ്ഞ ദിവസം ഫൈനൽ മത്സരത്തെക്കുറിച്ച് ടെന്നീസ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നദാൽ വെളിപ്പെടുത്തുകയുണ്ടായി.

മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ച് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും അതിനു ശേഷം ഫ്രാൻസ് രണ്ടു ഗോളുകൾ നേടി ഒപ്പമെത്തി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മെസി ഒരു ഗോൾ കൂടി നേടി അർജന്റീനക്ക് ലീഡും ജയപ്രതീക്ഷയും നൽകിയെങ്കിലും അതിനു പിന്നാലെ ലഭിച്ച പെനാൽറ്റിയിലൂടെ ഒപ്പമെത്തിയ ഫ്രാൻസ് പെനാൽറ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. മത്സരത്തിൽ അർജന്റീനക്ക് വിജയപ്രതീക്ഷ നൽകിയ മൂന്നാമത്തെ ഗോൾ മെസി നേടിയപ്പോൾ കരഞ്ഞു പോയെന്നാണ്‌ റാഫേൽ നദാൽ പറയുന്നത്.

“സ്പെയിൻ പ്രീ ക്വാർട്ടറിൽ പുറത്തായതിനാൽ തന്നെ മനോഹരമായ കാഴ്‌ചക്കായി ഞാൻ കാത്തിരുന്നു. ഫൈനൽ മനോഹരമാവുകയും ചെയ്‌തു. പാരീസിലും ഫ്രാൻസിലും എന്നെ ഇഷ്‌ടപ്പെടുന്ന നിരവധി കൂട്ടുകാരെ ആലോചിക്കുമ്പോൾ സങ്കടമുണ്ട്. പക്ഷെ അതുപോലെ തന്നെ എനിക്ക് നിരവധി അർജന്റീനിയൻ സുഹൃത്തുക്കളും ഉണ്ട്. ലയണൽ മെസി ലോകകപ്പ് ഉയർത്തിയത് ഫുട്ബോളിനോട് സ്നേഹവും ഗൃഹാതുര സ്‌മരണകളും ഉള്ള ആളെന്ന നിലയിൽ എനിക്ക് സന്തോഷമുണ്ടാക്കി.”

“കിരീടം ഒരുപാട് കാലം നഷ്‌ടപ്പെട്ടവരെന്ന നിലയിൽ അർജന്റീന കിരീടം നേടിയത് അർഹിക്കുന്ന കാര്യമായാണ് ഞാൻ കരുതുന്നത്. അർജന്റീനയെ പിന്തുണച്ചില്ലെങ്കിൽ പോലും ലയണൽ മെസി ടീമിന്റെ മൂന്നാമത്തെ ഗോൾ നേടിയപ്പോൾ ഞാൻ കരഞ്ഞു. വളരെയധികം ബുദ്ധിമുട്ടിയ ഒരാൾ, തനിക്ക് ഇത്രയും കാലം നഷ്‌ടപ്പെട്ട ഒന്ന് നേടിയെടുക്കുന്നതു കൊണ്ടായിരുന്നു അത്. ഞാൻ ഫൈനൽ വളരെ ആസ്വദിച്ചു. പ്രത്യേകിച്ചും എഴുപതു മിനുട്ടിനപ്പുറം, അതുവരെ എല്ലാം അനായാസമായി അർജന്റീന നിയന്ത്രിക്കുന്നതു പോലെയായിരുന്നു.” നദാൽ ഡയാറിയോ എഎസിനോട് പറഞ്ഞു.

കടുത്ത റയൽ മാഡ്രിഡ് ആരാധകനായ നദാൽ ഫൈനലിൽ അർജന്റീനക്ക് പൂർണമായ പിന്തുണ നൽകിയില്ലെങ്കിലും ലയണൽ മെസിയുടെ നേട്ടത്തിൽ അദ്ദേഹത്തിന് വളരെയധികം സന്തോഷമുണ്ടെന്നു തന്നെയാണ് ഈ പ്രതികരണം വ്യക്തമാക്കുന്നത്. ലോകകപ്പ് നേടിയതോടെ മെസി കരിയറിന് പൂർണത കൈവരിച്ചിരുന്നു. ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുകയും ചെയ്‌തു.