കൊച്ചുകുട്ടികളെപ്പോലെ പെരുമാറി റൊണാൾഡോ, തന്നെ വിമർശിച്ചതിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസത്തെ മൈൻഡ് ചെയ്തില്ല
വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും ഗോളൊന്നും നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും മാർക്കസ് റാഷ്ഫോഡ് നേടിയ ഒരേയൊരു ഗോളിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. അതേസമയം മത്സരത്തിനു ശേഷം റൊണാൾഡോ വാർത്തകളിൽ ഇടം പിടിക്കുന്നത് തന്നെ വിമർശിച്ചുവെന്നതിനെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും മുൻ സഹതാരവുമായ ഗാരി നെവിലിനെ മൈൻഡ് ചെയ്യാത്തതിന്റെ പേരിലാണ്.
മത്സരത്തിനു മുൻപ് വാമപ്പിനായി റൊണാൾഡോ മൈതാനത്തേക്ക് വരുമ്പോൾ സ്കൈ സ്പോർട്ട്സ് പണ്ഡിറ്റുകളായി ഗാരി നെവിൽ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂയിസ് സാഹ, മുൻ ലിവർപൂൾ താരം ജെമീ റെഡ്നാപ്പ് എന്നിവർ സൈഡ് ലൈനിൽ ഉണ്ടായിരുന്നു. ലൂയിസ് സാഹ, റെഡ്നാപ്പ് എന്നിവർക്ക് ഹസ്തദാനം നൽകുകയും അവരോട് സംസാരിക്കുകയും ചെയ്തെങ്കിലും നെവിലിനെ റൊണാൾഡോ പൂർണമായും അവഗണിച്ചു. താരത്തിന്റെ പ്രവൃത്തി മനഃപൂർവമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ടോട്ടനം ഹോസ്പേറിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനെ തുടർന്ന് പകരക്കാരനായിറങ്ങാൻ വിസമ്മതിക്കുകയും മത്സരം അവസാനിക്കുന്നതിനു മുൻപ് കളിക്കളം വിടുകയും ചെയ്തതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ ഗാരി നെവിൽ വിമർശനം നടത്തിയത്. റൊണാൾഡോയുടെ സാന്നിധ്യമില്ലാത്തപ്പോൾ യുണൈറ്റഡ് മികച്ച പ്രകടനം നടത്തുകയും വിജയം സ്വന്തമാക്കുകയും ചെയ്യുന്നുണ്ടെന്നും താരത്തെ ഒഴിവാക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് റൊണാൾഡോയെ ചൊടിപ്പിച്ചതെന്നു വ്യക്തമാണ്.
Gary Neville getting aired by Cristiano Ronaldo… 😳🤣 pic.twitter.com/UpKAmNjw1v
— Sky Sports Premier League (@SkySportsPL) October 30, 2022
ഇതാദ്യമായല്ല തന്നെ വിമർശിച്ചതിന്റെ പേരിൽ ഒരു താരത്തെ റൊണാൾഡോ മൈൻഡ് ചെയ്യാതിരിക്കുന്നത്. ഇതിനു മുൻപ് സ്കൈ സ്പോർട്ട്സിന്റെ തന്നെ പണ്ഡിറ്റായ ജെമീ കരാഗറേയും റൊണാൾഡോ ഇത്തരത്തിൽ തഴഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതേസമയം ഒരു പ്രൊഫെഷണൽ ഫുട്ബോളറായിട്ടും വിമർശനങ്ങളെ പോലും ഉൾക്കൊള്ളാൻ കഴിയാതെ ഒരു കുട്ടിയെപ്പോലെയാണ് റൊണാൾഡോ പെരുമാറുന്നതെന്നാണ് താരത്തിന്റെ പ്രവർത്തിയെ സംബന്ധിച്ച് പലരും ചൂണ്ടിക്കാട്ടുന്നത്.