ഫ്രാൻസിനെതിരെ സ്‌കലോണി പരിഗണിക്കുന്നത് രണ്ടു ഫോർമേഷനുകൾ

ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാൻസിനെതിരെ അർജന്റീന ഇറങ്ങുമ്പോൾ പരിശീലകൻ ലയണൽ സ്‌കലോണിയുടെ പദ്ധതികളിലാണ് അർജന്റീന ആരാധകർ കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന പിന്നീടുള്ള ഓരോ മത്സരത്തിലും വിജയം നേടി ഫൈനൽ വരെയെത്തിയിട്ടുണെങ്കിൽ അതിനു കാരണം എതിരാളികളെ തിരിച്ചറിഞ്ഞ് സ്‌കലോണി തയ്യാറാക്കിയ ഫോർമേഷനുകളാണ്.

ലോകകപ്പിൽ അർജന്റീന നേരിടാൻ പോകുന്ന ഏറ്റവും ശക്തരായ ടീമാണ് ഫ്രാൻസ് എന്നതിനാൽ തന്നെ ഏതു ഫോർമേഷനാണ് സ്‌കലോണി ഉപയോഗിക്കുകയെന്ന സംശയം ആരാധകർക്കുണ്ട്. അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു ഫോർമേഷനുകളാണ് സ്‌കലോണി പരിഗണിക്കാൻ സാധ്യത. ഇതിലേതു വേണമെന്ന് അദ്ദേഹം തീരുമാനമെടുത്തിട്ടില്ല.

അർജന്റീന പരിഗണിക്കുന്ന ഒരു ഫോർമേഷൻ നെതർലാൻഡ്‌സിനെതിരെ ഇറങ്ങിയ 5-3-2 എന്നതാണ്. ഈ ഫോർമേഷനിലാണു ടീമിനെ ഇറക്കുന്നതെങ്കിൽ ലിസാൻഡ്രോ മാർട്ടിനസ് ടീമിലുണ്ടാകും. മൂന്നു സെന്റർ ബാക്കുകളും രണ്ടു വിങ്‌ബാക്കുകളും മൂന്നു മധ്യനിര താരങ്ങളും മെസി, അൽവാരസ് എന്നിവർ മുന്നിലും അണിനിരക്കുന്ന ഫോർമേഷൻ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ് പ്രത്യാക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായിരിക്കും.

ഫ്രാൻസിന്റെ പ്രധാന കളിക്കാരൻ അന്റോയിൻ ഗ്രീസ്‌മനായതിനാൽ തന്നെ മധ്യനിരയിൽ വെച്ചു തന്നെ താരത്തിന്റെ നീക്കങ്ങളെ തടുക്കാൻ വേണ്ടി 4-4-2 എന്ന ഫോർമേഷനും സ്‌കലോണിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ മത്സരത്തിലെ അതെ പ്രതിരോധനിര ഇതിൽ ഉണ്ടാകുമെങ്കിലും മധ്യനിരയിൽ പരഡെസിനു പകരം ഏഞ്ചൽ ഡി മരിയയാകും ഇറങ്ങുക. ലയണൽ മെസിയെ ഫ്രാൻസ് പൂട്ടിയാൽ അതിനു പകരം മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള ചുമതല ഡി മരിയക്കാവും.

4-4-3 എന്ന ഫോർമേഷൻ സ്‌കലോണി പരീക്ഷിക്കാനുള്ള സാധ്യത കുറവാണ്. ഫ്രാൻസ് പ്രത്യാക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടീമായതിൽ അവർക്കെതിരെ അർജന്റീന ആക്രമിച്ചു കളിക്കാനുള്ള സാധ്യതയില്ല. മികച്ച വിങ്ങർമാരും ജിറൂദിനെ പോലൊരു സ്‌ട്രൈക്കറുമുള്ള ഫ്രാൻസിനെ മത്സരത്തിന്റെ ആദ്യഘട്ടങ്ങളിൽ തടഞ്ഞ് പിന്നീട് കളിയുടെ ഒഴുക്ക് മനസിലാക്കി മാറ്റങ്ങൾ വരുത്താനാവും സ്‌കലോണി ശ്രമിക്കുക.