മെസിയുടെ കിക്ക് എങ്ങോട്ടെന്ന് അറിയാമായിരുന്നു, പെനാൽറ്റി തടഞ്ഞത് യാദൃശ്ചികമല്ലെന്ന് ഷെസ്നി
അർജന്റീന ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസിയെടുത്ത പെനാൽറ്റി പോളണ്ട് ഗോൾകീപ്പർ ഷെസ്നി തടഞ്ഞിട്ടത്. അർജന്റീനയുടെ നോക്ക്ഔട്ട് സാധ്യതകളെ തന്നെ ആ സേവ് ബാധിക്കുമായിരുന്നെങ്കിലും അതിൽ പതറാതെ ടീം പൊരുതുകയും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി വിജയം സ്വന്തമാക്കുകയും ചെയ്തു. അതേസമയം ആ സേവ് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ലെന്നാണ് പോളണ്ട് ഗോൾകീപ്പർ പറയുന്നത്. ഏത് തടുക്കാനുണ്ടായ കാരണവും താരം വെളിപ്പെടുത്തി.
മെസി ഗോൾകീപ്പർമാരുടെ ചലനം നോക്കിയും ചിലപ്പോൾ വളരെ ഊക്കിലും പെനാൽറ്റി കിക്കുകൾ എടുക്കാറുണ്ടെന്നാണ് ഷെസ്നി പറയുന്നത്. ഊക്കിലാണ് അടിക്കുകയെങ്കിൽ അത് ഇടതു വശത്തേക്ക് ആയിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും അത് വിചാരിച്ചു കൃത്യമായി ചാടിയ തനിക്കത് തടുക്കാൻ കഴിഞ്ഞുവെന്നും ഷെസ്നി പറയുന്നു. അതേസമയം മെസിയുടെ പെനാൽറ്റി കിക്കുകൾ തടുക്കുക അത്രയെളുപ്പമല്ലെന്നും അതിനു ഭാഗ്യം കൂടി വേണമെന്നും താരം കൂട്ടിച്ചേർത്തു.
Wojciech Szczesny insists he KNEW where Lionel Messi was going to shoot before saving his penalty https://t.co/2EbZBmHVCc
— MailOnline Sport (@MailSport) December 1, 2022
റഫറിയെടുത്ത പെനാൽറ്റി തീരുമാനം തെറ്റായിരുന്നുവെന്നാണ് പോളണ്ട് ഗോൾകീപ്പർ പറയുന്നത്. മെസിയുടെ മുഖത്തു തന്റെ കൈ കൊണ്ടെങ്കിലും അത് പെനാൽറ്റിയല്ലെന്ന് റഫറിയോട് പറഞ്ഞുവെന്നും എന്നാൽ മറിച്ചൊരു തീരുമാനമാണ് റഫറി എടുത്തതെന്നും താരം വെളിപ്പെടുത്തി. അതിൽ പരാതിയൊന്നുമില്ലെന്നും യുവന്റസിന്റെ ഗോൾകീപ്പർ കൂടിയായ ഷെസ്നി പറഞ്ഞു. അർജന്റീനക്കൊപ്പം പ്രീ ക്വാർട്ടറിലേക്ക് കടന്ന പോളണ്ടിന് ഫ്രാൻസാണ് എതിരാളികൾ.