മെസിയുടെ അന്നത്തെ വാക്കുകൾക്ക് ശേഷം അർജന്റീനക്ക് ഓരോ മത്സരവും ഫൈനലുകളായിരുന്നു, ടാഗ്ലിയാഫിക്കോ പറയുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തുടക്കം വളരെയധികം നിരാശ നൽകുന്നതായിരുന്നു. മുപ്പത്തിയാറ് മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കി ലോകകപ്പിനെത്തിയ അർജന്റീന സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങുകയായിരുന്നു. ലോകകപ്പ് നേടാൻ കരുത്തരെന്ന് ഏവരും പ്രതീക്ഷിച്ച ഒരു ടീമാണ് റാങ്കിങ്ങിൽ വളരെയധികം പിന്നിലുള്ള ഒരു ഏഷ്യൻ ടീമിനോട് തകർന്നടിഞ്ഞു പോയത്. ഇതോടെ അർജന്റീന ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നുവെന്നും ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നും പലരും വിധിയെഴുതി.

മെക്‌സിക്കോക്കെതിരായ മത്സരം അർജന്റീനക്ക് വളരെ നിർണായകമായിരുന്നു എങ്കിലും ആദ്യപകുതിയിൽ വിജയം നേടാൻ കഴിയുമെന്നതിന്റെ യാതൊരു സൂചനയും ടീം നൽകിയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ മികച്ച രീതിയിൽ പൊരുതിയ ടീം ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളിലൂടെ വിജയം നേടിയെടുത്തു. ആ മത്സരത്തിന്റെ പകുതി സമയത്ത് ലയണൽ മെസി അർജന്റീന താരങ്ങളോട് സംസാരിച്ച വാക്കുകളാണ് ടീമിന് ഊർജ്ജം നൽകിയതെന്നും അതിനു ശേഷമുള്ള ഓരോ മത്സരവും ഫൈനൽ പോലെയാണ് എല്ലാ താരങ്ങളും കളിച്ചതെന്നുമാണ് അർജന്റീന ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോ പറയുന്നത്.

“മെക്‌സിക്കോയുമായുള്ള മത്സരത്തിന്റെ പകുതി സമയത്ത് അർജന്റീന ടീമിലെ താരങ്ങളുടെ മുന്നിൽ വെച്ച് മെസി വളരെ വൈകാരികമായ ഒരു പ്രസംഗം നടത്തിയിരുന്നു. സ്റ്റേഡിയത്തിലേക്ക് വന്നിരിക്കുന്ന ആരാധകരെ നോക്കാൻ ഞങ്ങളോട് മെസി പറഞ്ഞു, അർജന്റീന ടീമിനു വേണ്ടി മത്സരത്തിൽ ഉടനീളം ആർപ്പു വിളിക്കുന്ന അവർക്കു വേണ്ടി ഇത് ജയിച്ചേ തീരൂവെന്ന് മെസി പറയുകയുണ്ടായി. അതിനു ശേഷം ഞങ്ങൾക്ക് ഓരോ മത്സരവും ഫൈനൽ പോലെയാണ് തോന്നിയത്.” ടാഗ്ലിയാഫിക്കോ കഴിഞ്ഞ ദിവസം പറഞ്ഞു.

ആ പ്രസംഗത്തിന് പുറമെ അർജന്റീനയുടെ ആത്മവിശ്വാസം പൂർണതയിൽ എത്തിച്ച് മത്സരത്തിൽ ആദ്യഗോൾ നേടിയത് മെസി തന്നെയാണ്. മെക്‌സിക്കോ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞിരുന്ന ആ മത്സരത്തിൽ അറുപത്തിനാലാം മിനുട്ടിൽ ബോക്‌സിനു പുറത്തു നിന്നും താരം എടുത്ത വെടിച്ചില്ലു പോലെയുള്ള ഷോട്ട് ഒച്ചോവോയെ മറികടന്ന് വലയിലേക്ക് പോവുകയായിരുന്നു. അതിനു ശേഷം എൻസോ ഫെർണാണ്ടസ് നേടിയ മനോഹരമായ ഗോളിന് അസിസ്റ്റ് നൽകിയതും മെസി തന്നെയായിരുന്നു.

മത്സരത്തിന്റെ ഹാഫ് ടൈമിൽ സംസാരിച്ച വാക്കുകൾക്ക് പുറമെ ലോകകപ്പ് നേടാൻ അർജന്റീനക്ക് കഴിയുമെന്നും, അതിനു മുന്നിൽ നിന്നും നയിക്കാൻ താനുണ്ടെന്നുമുള്ള ആത്മവിശ്വാസം അർജന്റീന താരങ്ങൾക്ക് നൽകിയ ശൂന്യതയിൽ നിന്നുള്ള ആ ഗോൾ കൂടിയാണ് ടീമിന് മുന്നോട്ടുള്ള വഴി തുറന്നതെന്നതിൽ സംശയമില്ല. പിന്നീടുള്ള ഓരോ മത്സരങ്ങളിലും അർജന്റീന കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് കളിക്കാൻ ഇറങ്ങിയത്. സഹതാരങ്ങളെ പ്രചോദിപ്പിക്കാനും അവരെ മുന്നിൽ നിന്നു നയിക്കാനും കഴിയുന്ന ഒരു യഥാർത്ഥ നായകനാണെന്ന് മെസി തെളിയിച്ച അവസരമാണ് ലോകകപ്പിൽ മെക്‌സിക്കോക്കെതിരെ നടന്ന മത്സരം.

tagliafico reveals messi’s half time speech agains mexico that inspired argentina team