ഇനി ആക്രമിക്കരുതെന്ന് ആ താരം പറഞ്ഞു, ലോകകപ്പ് മത്സരത്തിലുണ്ടായ സംഭവം വെളിപ്പെടുത്തി ടാഗ്ലിയാഫികോ
ഐതിഹാസികമായാണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മുപ്പത്തിയാറു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി ലോകകപ്പിനെത്തിയ ടീം പക്ഷെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യയോടാണ് അർജന്റീന തോൽവി വഴങ്ങിയത്. ആ തോൽവിയോടെ നിരാശരായ ടീം പക്ഷെ അടുത്ത മത്സരത്തിൽ തിരിച്ചുവരവ് നടത്തി പിന്നീടുള്ള ഓരോ മത്സരവും ആധികാരികമായി തന്നെയാണ് വിജയം സ്വന്തമാക്കിയത്. ഓരോ മത്സരവും ഫൈനൽ പോലെ കളിച്ചാണ് അർജന്റീന ഫൈനൽ വരെയെത്തിയതെന്ന് ലയണൽ മെസിയും പറഞ്ഞിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കൊക്കെതിരെ പതറിയെങ്കിലും ലയണൽ മെസിയുടെ ഗോളാണ് അർജന്റീനയെ ഉണർത്തിയത്. അതിനു ശേഷം എൻസോ ഫെർണാണ്ടസ് കൂടി ഗോൾ നേടി അർജന്റീനയുടെ വിജയം പൂർത്തിയാക്കി. അതിനു ശേഷമുള്ള മത്സരത്തിൽ ഒരു സമനില പോലും അർജന്റീനയെ പുറത്താക്കുമെന്ന് സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതിനു മുൻപുള്ള മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച ടീം പോളണ്ടിനെതിരെ മികച്ച പ്രകടനം നടത്തി വിജയം സ്വന്തമാക്കി.
ആ മത്സരത്തിനിടെയുണ്ടായ ഒരു രസകരമായ സംഭവം കഴിഞ്ഞ ദിവസം അർജന്റീന താരമായ ടാഗ്ലിയാഫിക്കോ വെളിപ്പെടുത്തുകയുണ്ടായി. പോളണ്ടിനെതിരായ കളിയിൽ അർജന്റീന രണ്ടാമത്തെ ഗോൾ നേടിയപ്പോൾ ഒരു പോളണ്ട് താരം തനിക്കരികിലേക്ക് വന്ന് സ്പാനിഷ് ഭാഷയിൽ എങ്ങിനെയാണ് ഇനിയും ആക്രമണം നടത്തരുതെന്നു പറയുകയെന്നു ചോദിച്ചുവെന്നാണ് ടാഗ്ലിയാഫിക്കോ വെളിപ്പെടുത്തിയത്. അർജന്റീന താരങ്ങളോട് ഇനി ആക്രമിക്കരുതെന്ന് പറയാൻ വേണ്ടിയാണ് പോളണ്ട് താരം അതു ചോദിച്ചതെന്നു വ്യക്തമാണ്.
Nico Tagliafico: “When we scored the second goal against Poland, a player from their team came to me and said as how he could in Spanish: ‘don’t attack anymore’” 🚬 pic.twitter.com/VtmLUWb15y
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 6, 2023
പോളണ്ടിനെതിരായ മത്സരത്തിൽ അർജന്റീനയുടെ വിജയം തീർത്തും ആധികാരികമായിരുന്നു. പോളണ്ട് ഗോളിലേക്ക് ഒരു ഷോട്ടുതിർക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടിയ മത്സരത്തിൽ അർജന്റീനയുടെ ഇരുപത്തിമൂന്നു ഷോട്ടുകളിൽ പന്ത്രണ്ടെണ്ണവും ഓൺ ടാർഗറ്റ് ആയിരുന്നു. പോളണ്ട് ഗോൾകീപ്പർ ഷെസ്നിയുടെ മിന്നുന്ന പ്രകടനമാണ് മത്സരത്തിന്റെ സ്കോർനില ചുരുങ്ങാൻ സഹായിച്ചത്. ലയണൽ മെസിയുടെ ഒരു പെനാൽറ്റിയും താരം തടഞ്ഞിരുന്നു. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
ആദ്യത്തെ മത്സരത്തിലെ തോൽവി പുതിയൊരു ഉണർവ് അർജന്റീനക്ക് നൽകിയപ്പോൾ അതിനടുത്ത മത്സരങ്ങളിലെ വിജയം ടീമിന്റെ ആത്മവിശ്വാസം വളരെയധികം വർധിപ്പിക്കുകയുണ്ടായി. പിന്നീടുള്ള മത്സരങ്ങളിൽ ആധികാരികമായ പ്രകടനം നടത്താൻ ടീമിനെ സഹായിച്ചതും ഈ ആത്മവിശ്വാസം തന്നെയാണ്. പിന്നീടുള്ള ഓരോ മത്സരങ്ങളിലും പതറുന്ന ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അർജന്റീന ടൂർണമെന്റിൽ ഒരിക്കൽ പോലും മനോധൈര്യം കൈവിട്ടിരുന്നില്ല.