റഫറിമാരുടെ പിഴവുകൾ കാരണം ഐഎസ്എല്ലിൽ യൂറോപ്യൻ താരങ്ങൾ വരാൻ മടിക്കുന്നുണ്ട്, തുറന്നടിച്ച് ഇവാൻ വുകോമനോവിച്ച് | Vukomanovic
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെതിരെ ഏറ്റവും ശക്തമായ പ്രതികരണം നടത്തിയ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. കഴിഞ്ഞ സീസണിൽ നടന്ന പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി തെറ്റായ തീരുമാനമെടുത്ത് ഛേത്രി നേടിയ ഗോൾ അനുവദിച്ചപ്പോൾ തന്റെ താരങ്ങളെ മുഴുവൻ തിരികെ വിളിച്ച് കളിക്കളം വിടാനുള്ള ധൈര്യം കാണിച്ചാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
ആ പ്രതിഷേധത്തിന്റെ പേരിൽ ഇവാൻ വുകോമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സ് ടീമിനും വലിയ തിരിച്ചടികൾ ഉണ്ടായെങ്കിലും അത് ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ ഉയരാൻ വലിയ രീതിയിൽ കാരണമായെന്നതിൽ തർക്കമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് അടക്കമുള്ള സാങ്കേതികവിദ്യകൾ കൊണ്ടുവരുമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും അതൊന്നും ഇതുവരെ നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
Ivan Vukomanovic 🎙 : I don't feel the referees are particularly against Kerala Blasters. We have to deal with human errors. We don't have advanced technology to support it. Technology can be useful and that should be the next step. I personally have nothing against referees pic.twitter.com/TYkoUHAB10
— Aswathy (@RM_madridbabe) October 26, 2023
അതേസമയം ഈ പ്രതിഷേധത്തിന് വലിയ രീതിയിൽ തുടക്കമിട്ട ഇവാൻ വുകോമനോവിച്ച് പറയുന്നത് സാങ്കേതികവിദ്യയുടെ സാന്നിധ്യം മത്സരങ്ങളുടെ നിലവാരം വർധിക്കാൻ സഹായിക്കുമെന്നാണ്. കഴിഞ്ഞ സീസണിലെ പ്രതിഷേധത്തിന്റെ പേരിൽ പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ച അദ്ദേഹം ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കളത്തിലേക്ക് തിരിച്ചു വരികയാണ്. അതിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇവാൻ റഫറിമാരെക്കുറിച്ച് സംസാരിച്ചത്.
Ivan talked about the importance of implementing VAR or any such technical assistance to help the referees. He also mentioned about the lack of opportunities Indian referees might face due to the lack of familiarity, in ACL and other AFC competitions. #IndianFootball #KBFC
— Aswathy (@RM_madridbabe) October 26, 2023
“റഫറിമാർ ബ്ലാസ്റ്റേഴ്സിന് എതിരെ നിൽക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. മനുഷ്യസഹജമായ പിഴവുകൾ നേരിടേണ്ടി വരുമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റഫറിമാരെ ഞാൻ പിന്തുണക്കുകയും അവർ മികച്ച രീതിയിൽ മത്സരങ്ങൾ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യൂറോപ്യൻ കളിക്കാരെ വിളിക്കുന്ന സമയത്ത് വാർ ഉണ്ടോയെന്ന് അവർ ചോദിക്കുകയും അതില്ലെന്ന് അറിയിക്കുമ്പോൾ വരില്ലെന്നു പറയുകയുമാണ്.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതിനു ശേഷം മത്സരങ്ങളുടെ നിലവാരത്തിൽ ചെറിയ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെങ്കിലും റഫറിമാർ അതിനെയും ഇല്ലാതാക്കുകയാണ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ അടക്കം വമ്പൻ പിഴവുകളാണ് റഫറിമാർ വരുത്തിയത്. അതിനാൽ തന്നെ സാങ്കേതികവിദ്യ വേണമെന്ന ആവശ്യം ആരാധകർ ശക്തമാക്കിയിട്ടുണ്ട്. റഫറിമാർ പിഴവുകൾ ആവർത്തിച്ചാൽ ഈ ആവശ്യം കൂടുതൽ ശക്തമാവുകയും ചെയ്യും.
Vukomanovic Says Technology Essential To Improve ISL