അക്കാര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും മോശം ടീം, ബാഴ്സലോണയെക്കുറിച്ച് പരിശീലകൻ സാവി | Xavi
വലൻസിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും വിജയം കൈവിട്ടതോടെ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബാഴ്സലോണ വിജയം നേടാനാകാതെ പതറുന്നത്. ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ ബാഴ്സലോണ അതിനു ശേഷം ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയയോടെ സമനിലയിൽ പിരിയുകയായിരുന്നു. രണ്ടു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.
വലൻസിയക്കെതിരെ ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷം എഴുപതാം മിനുട്ടിലാണ് ബാഴ്സലോണ സമനില ഗോൾ വഴങ്ങുന്നത്. ജിറോനക്കെതിരെ നടന്ന മത്സരത്തിലേതെന്ന പോലെ വലൻസിയക്കെതിരെയും ബാഴ്സലോണ വിജയം കൈവിടാൻ കാരണമായത് മുന്നേറ്റനിര താരങ്ങൾ വരുത്തിയ പിഴവുകളാണ്. താരങ്ങൾ സുവർണാവസരങ്ങൾ തുലച്ചു കളഞ്ഞതിനെക്കുറിച്ച് മത്സരത്തിന് ശേഷം സാവി പ്രതികരിക്കുകയും ചെയ്തിരുന്നു.
Xavi: "We have to be one of the teams with the worst finishing in Europe. I'm very frustrated today." pic.twitter.com/yJbo1ifiwq
— Barça Universal (@BarcaUniversal) December 16, 2023
“വലൻസിയയുടെ ഗോൾ വന്നത് പിഴവ് തന്നെയായിരുന്നു. എന്നാൽ നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് ടീം മത്സരത്തിൽ ഫലമുണ്ടാക്കുന്നുണ്ടോ എന്നതിലാണ്. ഇതുപോലെയുള്ള അവസരങ്ങൾ നഷ്ടമാക്കുന്നത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത കാര്യമാണ്. ഞങ്ങൾ മത്സരം നിയന്ത്രണത്തിലാക്കി, രണ്ടു ഗോളിന് മുന്നിലെത്തേണ്ട ടീമായിരുന്നു. എന്നാൽ ഞങ്ങളത് ചെയ്തില്ല, അതു തന്നെയാണ് ഈ സീസണിൽ ഞങ്ങളുടെ കുറവും.”
If you blame Xavi for today's loss, then you clearly have an agenda against him pic.twitter.com/O4astrukHA
— 𝐊𝐢𝐫𝐚 (@FCB_Kira) December 16, 2023
“ഫിനിഷിങ്ങിന്റെ കാര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും മോശം ടീമുകളിലൊന്നാണ് ബാഴ്സലോണ. മയോർക്ക, ഗ്രാനഡ തുടങ്ങിയവർക്കെതിരായ മത്സരങ്ങളിലും ഇത് സംഭവിച്ചിരുന്നു. അത്ലറ്റികോക്കെതിരെ ഞങ്ങൾ വളരെ മികച്ചതായിരുന്നെങ്കിലും അവർ സമനില നേടുന്നതിന്റെ അരികിലെത്തി. ജിറോനക്കെതിരെ ഞങ്ങൾ മുന്നിലെത്തുകയോ സമനില നേടുകയോ ചെയ്യേണ്ടതായിരുന്നു. അതിനൊന്നും കഴിഞ്ഞില്ല.” സാവി വ്യക്തമാക്കി.
സാവിയുടെ വാക്കുകൾ കൃത്യമാണ്. പരിശീലകന്റെ തന്ത്രങ്ങൾ പിഴക്കുകയല്ല, മറിച്ച് ടീമിന്റെ മുന്നേറ്റനിര വളരെ മോശം ഫോമിൽ കളിക്കുകയും ഗോളുകൾ നേടാൻ പരാജയപ്പെടുകയും ചെയ്യുന്നതാണ് ബാഴ്സയുടെ പ്രധാനപ്പെട്ട പ്രശ്നം. ഗോൾമെഷീൻ ആയിരുന്ന ലെവൻഡോസ്കി ഓപ്പൺ ചാൻസുകൾ നിരന്തരം തുലക്കുന്നത് അതിനൊരു ഉദാഹരണമാണ്. റാഫിന്യ, ഫെലിക്സ് തുടങ്ങിയ താരങ്ങളും അവസരങ്ങൾ തുലക്കുന്നതിൽ പിന്നിലല്ല.
Xavi Calls Barca Worst Team Of Europe In Finishing