ചാമ്പ്യൻസ് ലീഗിൽ പതറിയാലും സാവിയുടെ ബാഴ്സലോണ തന്നെ ലാ ലിഗ നേടും, കണക്കുകളിങ്ങിനെ
സാവി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം രണ്ടു തവണയും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാനായിരുന്നു ബാഴ്സയുടെ വിധി. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏതാനും മത്സരങ്ങളിൽ മാത്രമേ അദ്ദേഹം ബാഴ്സലോണയെ പരിശീലിപ്പിച്ചുള്ളൂവെന്നു പറയാമെങ്കിലും ഈ സീസണിൽ അങ്ങനെയായിരുന്നില്ല. സീസണിന്റെ തുടക്കത്തിൽ ചാമ്പ്യൻസ് ലീഗ് നേടുമെന്നു കരുതിയ ടീമാണ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത്.
എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിലും സാവിയിൽ ബാഴ്സക്ക് പ്രതീക്ഷയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം സാവിയുടെ കീഴിൽ ബാഴ്സ കളിച്ച മത്സരങ്ങളിൽ നിന്നും നേടിയ പോയിന്റുകൾ ഇതിന്റെ തെളിവാണ്. ലാ ലിഗയിലെ ഒരു സീസണിൽ ഒരു ടീം കളിക്കേണ്ടത് മുപ്പത്തിയെട്ടു മത്സരങ്ങളാണ്. ഇത്രയും മത്സരങ്ങൾ സാവിക്കു കീഴിൽ കളിച്ച ബാഴ്സ എൺപത്തിയേഴു പോയിന്റ് അതിൽ നിന്നും നേടിയിട്ടുണ്ട്.
കഴിഞ്ഞ നാല് സീസണുകളിൽ പോയിന്റ് നില കണക്കിലെടുത്താൽ ലാ ലിഗ വിജയിക്കാൻ ഇത്രയും പോയിന്റുകൾ മതിയാകും. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡും അതിനു മുൻപത്തെ സീസണിൽ അത്ലറ്റികോ മാഡ്രിഡും ലീഗ് വിജയിച്ചത് എൺപത്തിയാറ് പോയിന്റുകൾ നേടിയാണ്. 2019-20 സീസണിൽ സിദാന്റെ റയൽ മാഡ്രിഡ് എൺപത്തിയേഴു പോയിന്റ് നേടി ലീഗ് വിജയിച്ചപ്പോൾ അതിനു മുൻപത്തെ സീസണിൽ ഏർണസ്റ്റോ വാൽവെർദെയുടെ ബാഴ്സലോണയും അതെ പോയിന്റ് തന്നെയാണ് നേടിയത്.
Xavi has managed 38 league matches for Barça so far:
— Barça Universal (@BarcaUniversal) October 29, 2022
– 27 wins
– 6 draws
– 5 losses
– 87 points
These numbers are exactly the same as Pep Guardiola's 2008/2009 league campaign. pic.twitter.com/cmRb31ZPus
പെപ് ഗ്വാർഡിയോളയുടെ ആദ്യത്തെ സീസണിൽ, ബാഴ്സലോണ ട്രെബിൾ കിരീടങ്ങൾ നേടിയപ്പോൾ ബാഴ്സ ലീഗ് വിജയിച്ചതും എൺപത്തിയേഴു പോയിന്റ് നേടിയാണ്. കഴിഞ്ഞ ഒൻപതു സീസണുകൾ എടുത്തു നോക്കിയാൽ ലാ ലിഗയിൽ തൊണ്ണൂറോ അതിലധികമോ പോയിന്റുകൾ നേടി ടീമുകൾ ലീഗ് വിജയിച്ചത് രണ്ടു തവണ മാത്രമാണ്. ഹോസെ മൗറീന്യോ പരിശീലകനായ റയൽ മാഡ്രിഡും, ടിറ്റോ വിലാനോവ മാനേജരായ ബാഴ്സലോണയും മാത്രമാണ് തൊണ്ണൂറിൽ കൂടുതൽ പോയിന്റുകൾ നേടിയിട്ടുള്ളത്.
ഹോം, എവേ മത്സരങ്ങളിലുള്ള അനുപാതത്തിന്റെ നേരിയ വ്യത്യാസം സാവി പരിശീലകനായ ബാഴ്സയുടെ കണക്കുകളിലുണ്ടെങ്കിലും ഇതൊരു മികച്ച റെക്കോർഡ് തന്നെയാണ്. എന്നാൽ സാവി പരിശീലകനായതിനു ശേഷം ഇതുവരെയുള്ള കണക്കുകളെടുത്താൽ റയൽ മാഡ്രിഡ് തന്നെയാണ് പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്നത്. ഇക്കാലയളവിൽ ബാഴ്സയേക്കാൾ നാല് പോയിന്റ് അധികം നേടാൻ റയലിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ അത്ര മികച്ച സ്ക്വാഡിനെ വെച്ചല്ല ബാഴ്സ കളിച്ചതെന്നതിനാൽ ഈ സീസണിൽ റയലിനെ മറികടക്കാൻ ടീമിന് കഴിയുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.