ഗോളുകൾ അടിച്ചു കൂട്ടുന്ന പഴയ ലയണൽ മെസിയാകില്ല ബാഴ്സലോണയിൽ കളിക്കാൻ പോകുന്നത് | Lionel Messi
ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നതാണ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കാര്യം. പിഎസ്ജി കരാർ അവസാനിക്കാൻ പോകുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്സലോണ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ലാ ലിഗയുടെ അനുമതി ലഭിക്കാത്തതിനാൽ അതിൽ സങ്കീർണതകൾ നേരിടുകയാണ്. ലാ ലിഗ അനുമതി നൽകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് മെസിയും ബാഴ്സലോണയും നിൽക്കുന്നത്.
ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വന്നാലും മുന്നേറ്റനിരയിൽ കളിച്ച് ഗോളുകൾ അടിച്ചു കൂട്ടുന്ന പഴയ ശൈലിയിൽ ആയിരിക്കില്ല കളിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിക്കുന്ന രീതിയിലാണ് പരിശീലകൻ സാവി സംസാരിച്ചത്. ബാഴ്സലോണയിലേക്ക് തിരിച്ചു വന്നാൽ ലയണൽ മെസി മുന്നേറ്റനിരയിൽ നിന്നും മാറി മധ്യനിരയിലാകും കളിക്കുകയെന്ന സൂചനയാണ് സാവി നൽകിയത്.
FULL STORY: Messi in the middle 🤔https://t.co/0D0OSpwSkm
— Football España (@footballespana_) May 29, 2023
“ലയണൽ മെസിക്ക് നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയും. ഫാൾസ് നയൻ, വിങ്ങർ, മിഡ്ഫീൽഡിൽ കളിച്ച് ഫൈനൽ പാസുകൾ നൽകാനെല്ലാം താരത്തിന് കഴിയുമെന്നുറപ്പാണ്. ലയണൽ മെസി ഏറെക്കുറെ ഒരു മിഡ്ഫീൽഡർ തന്നെയാണ്. അവിടെ കളിക്കാനുള്ള എല്ലാ സ്വഭാവസവിശേഷതകളും താരത്തിനുണ്ടെന്ന് സംശയമില്ല.” സാവി പറഞ്ഞ വാക്കുകൾ സ്പാനിഷ് മാധ്യമമായ ഡിയാരിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്തു.
ലയണൽ മെസിയെ വെച്ച് പുതിയ പദ്ധതികളാണ് സാവി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ ലയണൽ മെസി മധ്യനിരയിൽ കളിക്കുന്ന കാര്യത്തിൽ ആരാധകർക്ക് ചെറിയൊരു ആശങ്കയുണ്ട്. ലയണൽ മെസി പ്രതിരോധത്തിൽ കൂടുതൽ സംഭാവനകൾ നൽകാതെ ഫ്രീയായി കളിക്കാനാഗ്രഹിക്കുന്ന താരമാണ്. അതിനാൽ മിഡ്ഫീൽഡ് റോൾ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ മെസിക്ക് കഴിയുമോയെന്ന് കണ്ടറിയേണ്ടതാണ്.
Xavi Hints Midfield Role For Lionel Messi