ചാമ്പ്യൻസ് ലീഗ് മരണഗ്രൂപ്പിൽ ആദ്യ പോരാട്ടത്തിറങ്ങുന്ന ബാഴ്സലോണ ടീമിൽ മാറ്റങ്ങളുമായി സാവി
ഈ സീസണിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങുന്ന ബാഴ്സലോണ ടീമിൽ പരിശീലകൻ സാവി ഹെർണാണ്ടസ് സുപ്രധാന മാറ്റങ്ങൾ വരുത്തുമെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം സാവിയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ നാല് താരങ്ങൾക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ മത്സരത്തിൽ സാവി സ്റ്റാർട്ട് ചെയ്തേക്കില്ല. ചെക്ക് റിപ്പബ്ലിക്ക് ക്ലബായ വിക്ടോറിയ പ്ലെസനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം.
ചാമ്പ്യൻസ് ലീഗിലെ മരണഗ്രൂപ്പായാണ് ബാഴ്സലോണ അടക്കമുള്ള ക്ലബുകളുള്ള ഗ്രൂപ്പ് സി വിലയിരുത്തപ്പെടുന്നത്. ബാഴ്സലോണക്കും വിക്ടോറിയ പ്ലെസനും പുറമെ ബയേൺ മ്യൂണിക്കും ഇന്റർ മിലാനുമാണ് ഗ്രൂപ്പിലെ മറ്റു ക്ലബുകൾ. ബയേണിനെയും ഇന്ററിനെയും അപേക്ഷിച്ച് വിക്ടോറിയ പ്ലെസൻ ദുർബലമായ ടീമായതു കൊണ്ടാണ് സാവി ടീമിൽ മാറ്റങ്ങൾ വരുത്തുന്നത്. ലോകകപ്പ് അടുത്തു വന്നുകൊണ്ടിരിക്കെ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ തിരക്കേറിയ ഷെഡ്യൂളിലാണ് നടക്കുന്നതെന്നതും ഈ താരങ്ങൾക്ക് വിശ്രമം നൽകാനുള്ള കാരണമായിട്ടുണ്ട്.
മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും സാവി ഹെർണാണ്ടസ് മാറ്റങ്ങൾ വരുത്തും. സെന്റർ ബാക്കുകളായ എറിക് ഗാർസിയ, റൊണാൾഡ് അറോഹോ എന്നിവർ നാളത്തെ മത്സരത്തിൽ കളത്തിലിറങ്ങാൻ സാധ്യതയില്ല. ഇതിനു പുറമെ മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെ, മധ്യനിര താരം ഗാവി എന്നിവരും സാവിയുടെ ആദ്യ ഇലവനിൽ ഉണ്ടാകില്ല. ഈ താരങ്ങളെല്ലാം ഈ സീസണിൽ സാവിയുടെ ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്നു.
🔴 Xavi is set to rotate his starting options for their Champions League clash with Viktoria Plzeň in midweek.
— barcacentre (@barcacentre) September 5, 2022
👇 Here's what has been rumoured…
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആഗ്രഹിച്ച സൈനിംഗുകളിൽ ഭൂരിഭാഗവും നടത്തിയ ബാഴ്സലോണ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവി നേരിട്ടിട്ടില്ല. പുതിയ താരങ്ങൾ തമ്മിൽ ഒത്തിണക്കം വർധിച്ചു വരുന്നത് ടീമിന്റെ പ്രകടനത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. നാല് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സലോണ മൂന്നെണ്ണത്തിൽ വിജയവും ഒന്നിൽ സമനിലയുമായി പത്തു പോയിന്റ് നേടി പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഗോൾവേട്ട തുടങ്ങി ലാ ലിഗയിലെ ടോപ് സ്കോററായ ലെവൻഡോസ്കിയുടെ ഫോമും ബാഴ്സലോണക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.