റൊണാൾഡോ ആഗ്രഹിക്കുന്നതാവില്ല സൗദി ലീഗിൽ സംഭവിക്കുക, മുന്നറിയിപ്പുമായി സാവി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ട്രാൻസ്‌ഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമാണിപ്പോൾ. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും കളിയ്ക്കാൻ കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് റൊണാൾഡോ സൗദി അറേബ്യ പോലെ അപ്രസക്തമായ ലീഗിലേക്ക് ചേക്കേറിയതെന്ന് ഏവരും അത്ഭുതപ്പെട്ടു. ചാമ്പ്യൻസ് ലീഗിൽ വീണ്ടും കളിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന റൊണാൾഡോയാണ് സൗദി ലീഗിലേക്ക് ചുവടുമാറ്റം നടത്തിയത്. ഒരു സീസണിൽ 200 മില്യൺ യൂറോയെന്ന പ്രതിഫലം ലഭിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ് മാറിയതാണെന്ന് പലരും വിധിയെഴുതി.

യൂറോപ്പിൽ ഇനി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ ബാക്കിയില്ലെന്നും എല്ലാ റെക്കോർഡുകളും തിരുത്തിക്കഴിഞ്ഞെന്നുമാണ് തന്റെ ട്രാൻസ്‌ഫറിനെ കുറിച്ച് റൊണാൾഡോ പ്രതികരിച്ചത്. അതുകൊണ്ടു തന്നെ ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ തിരുത്താനാണ് താൻ ശ്രമിക്കുന്നതെന്നും റൊണാൾഡോ പറഞ്ഞിരുന്നു. യൂറോപ്പിനെ അപേക്ഷിച്ച് അത്രയധികം ശക്തമല്ലാത്ത ഒരു ലീഗിൽ തനിക്ക് ഗോളുകൾ അടിച്ചു കൂട്ടാമെന്നും അതുവഴി പുതിയ റെക്കോർഡുകൾ സൃഷ്‌ടിച്ച് ലോകഫുട്ബോളിൽ തന്റെ മേധാവിത്വം കാത്തു സൂക്ഷിക്കാൻ കഴിയുമെന്നും റൊണാൾഡോ കരുതുന്നുണ്ടാകും.

Xavi Says Saudi Arabian League Is Difficult

എന്നാൽ സൗദി അറേബ്യൻ ലീഗ് അത്ര അനായാസമായ ഒന്നല്ലെന്ന മുന്നറിയിപ്പ് റൊണാൾഡോക്ക് നൽകിയിരിക്കുകയാണ് ബാഴ്‌സലോണ പരിശീലകൻ സാവി. ബാഴ്‌സലോണ പരിശീലകനാവുന്നതിനു മുൻപ് ഖത്തർ ക്ലബ് അൽ സദ്ദിന്റെ പരിശീലകനായിരുന്നു സാവി ഹെർണാണ്ടസ്. ആ സമയത്ത് സൗദി ക്ലബുകളെ നേരിട്ടതിന്റെ പരിചയം വെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സാവി സൗദിയിലേക്ക് ചേക്കേറിയ സമയത്ത് റൊണാൾഡോ അദ്ദേഹത്തെ കളിയാക്കുന്ന തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും റൊണാൾഡോയോട് തികഞ്ഞ ബഹുമാനം നിലനിർത്തിയാണ് സാവി സംസാരിച്ചത്.

“റൊണാൾഡോ സൗദിയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലേക്കാണ് ചേക്കേറിയിരിക്കുന്നത്. പക്ഷെ അത് താരത്തിനൊരു വെല്ലുവിളി തന്നെയാണ്. ഈ ലീഗ് വളരെയധികം സങ്കീർണമായ ഒന്നാണ്. അവിടുത്തെ ചില ടീമുകളുമായി ഞാൻ അൽ സദ്ദ് പരിശീലകനായിരുന്ന സമയത്ത് കളിച്ചിരുന്നു. അതൊരു വെല്ലുവിളി തന്നെയായിരിക്കും. എന്നാൽ ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന മനോഭാവം വെച്ചു പുലർത്തുന്ന റൊണാൾഡോയെപ്പോലൊരു താരത്തിന് അവിടെ വ്യത്യാസം സൃഷ്‌ടിക്കാൻ കഴിയും.” സാവി പറഞ്ഞു.

അൽ നസ്റിൽ പരിശീലനം ആരംഭിച്ച റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങുന്നതിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. സൗദിയിലെ അരങ്ങേറ്റം ഗംഭീരമാക്കാൻ റൊണാൾഡോക്ക് അവസരമുണ്ട്. താരത്തിന്റെ ആദ്യത്തെ മത്സരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ളതാണ്. അതിൽ വിജയിക്കാൻ കഴിഞ്ഞാൽ ലോകത്തിന്റെ ശ്രദ്ധ വീണ്ടും റൊണാൾഡോയിലേക്ക് തിരിയും. അതേസമയം സൗദി ലീഗിൽ താരം അരങ്ങേറ്റം കുറിക്കുക ജനുവരി 22നു നടക്കുന്ന മത്സരത്തിലായിരിക്കും.