തുറന്ന അവസരത്തിലും നെയ്മർക്ക് പാസ് നൽകിയില്ല, എംബാപ്പെക്കെതിരെ വീണ്ടും ആരാധകർ
യുവന്റസിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടി താരമായത് കിലിയൻ എംബാപ്പയായിരുന്നു. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടിയ പിഎസ്ജിക്കെതിരെ രണ്ടാം പകുതിയിൽ യുവന്റസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ പരാജയം ഒഴിവാക്കാൻ ഇറ്റാലിയൻ ക്ലബിന് കഴിഞ്ഞില്ല. രണ്ടു ഗോൾ നേടിയ എംബാപ്പക്കു പുറമെ കളം നിറഞ്ഞു കളിച്ച ബ്രസീലിയൻ നെയ്മറാണ് പിഎസ്ജി നിരയിൽ തിളങ്ങിയത്.
പിഎസ്ജിക്കു വിജയം നേടിക്കൊടുത്ത രണ്ടു ഗോളുകളും നേടിയെങ്കിലും മത്സരത്തിനു ശേഷം എംബാപ്പാക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മത്സരത്തിൽ പിഎസ്ജിയുടെ മൂന്നാമത്തെ ഗോൾ നേടാനുള്ള അവസരം തുലച്ചതിന്റെ പേരിലാണ് ഫ്രഞ്ച് താരം വിമർശനങ്ങൾ ഏറ്റു വാങ്ങുന്നത്. നെയ്മർക്ക് അനായാസം ഗോൾ നേടാൻ കഴിയുന്നതിനായി പാസ് നൽകാൻ അവസരമുണ്ടായിട്ടും തന്റെ ഹാട്രിക്ക് നേട്ടത്തിനു വേണ്ടി അതു തുലച്ചതാണ് എംബാപ്പക്കെതിരെ ആരാധകരുടെ വിമർശനമുയരാൻ കാരണമായത്.
മത്സരത്തിന്റെ അൻപത്തിയൊന്നാം മിനുട്ടിൽ മെസിയിലൂടെ പിഎസ്ജിയൊരു കൗണ്ടർ അറ്റാക്ക് തുടങ്ങി വെച്ചിരുന്നു. മധ്യവര കടന്നതോടെ അത് കൃത്യമായി വിങ്ങിലൂടെ ഓടുന്ന എംബാപ്പെക്ക് മെസി നൽകുകയും ചെയ്തു. യുവന്റസ് പ്രതിരോധ താരങ്ങളുടെ സമ്മർദ്ദമില്ലാതെ ബോക്സിൽ എത്തിയ എംബാപ്പെക്ക് മറുവശത്തു കൂടി ഓടി ബോക്സിലേക്ക് വന്നിരുന്ന നെയ്മർക്ക് അനായാസം ആ പന്ത് നൽകാമായിരുന്നിട്ടു കൂടി അതു ചെയ്യാതെ ബുദ്ധിമുട്ടുള്ള ഒരു ആംഗിളിൽ നിന്നും നേരിട്ട് ഷൂട്ട് ചെയ്യുകയാണ് ഫ്രഞ്ച് താരം ചെയ്തത്.
What do we blame Mbappe's recent selfishness towards Messi and Neymar on? His football ethics or just the coach's ignorance? This could've been his easiest assist of the season and Neymar's easiest goal.
— ❤💙Rock™ (@staconzy16) September 6, 2022
Messi got subbed and I switched to Manchester City. pic.twitter.com/SJyOORm9Ls
എംബാപ്പെ പാസ് നൽകിയിരുന്നെകിൽ ആ ഗോൾ ഉറപ്പിക്കാൻ പിഎസ്ജിക്ക് കഴിയുമായിരുന്നു. എന്നാൽ തന്റെ ഹാട്രിക്ക് മാത്രമാണ് ഫ്രഞ്ച് താരം ലക്ഷ്യം വെച്ചത്. എംബാപ്പെ പാസ് നൽകാതിരുന്നതിൽ നെയ്മർ തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. എംബാപ്പയുടെ ആദ്യത്തെ ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മർ ആയിരുന്നു. മത്സരത്തിലുടനീളം മിന്നിത്തിളങ്ങുന്ന പ്രകടനം നടത്തിയ നെയ്മർ അർഹിച്ച ഗോളാണ് ഇതോടെ നഷ്ടമായത്.
പൊതുവെ നിസ്വാർത്ഥ മനോഭാവത്തോടെ കളിക്കുന്ന മെസിക്കും നെയ്മർക്കും ഇടയിൽ എംബാപ്പെ കാണിക്കുന്ന സ്വാർത്ഥത മുൻപും ചർച്ചയായിട്ടുള്ള കാര്യമാണ്. ഇതിന്റെ പേരിൽ വിമർശനങ്ങളും താരം ഏറ്റു വാങ്ങിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിനു ശേഷം പിഎസ്ജി ചാമ്പ്യൻസ് ലീഗ് വിജയിക്കാതിരിക്കാൻ ഒരു പ്രധാന കാരണം എംബാപ്പയുടെ ഇത്തരത്തിലുള്ള സ്വാർത്ഥ മനോഭാവം ആണെന്ന വിമർശനം ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നുണ്ട്.