മെസി ക്ലബ്ബിനെ ധിക്കരിച്ചിട്ടില്ല, പിഎസ്ജി പ്രതികാരം നടത്തിയതു തന്നെയെന്ന് ഫാബ്രിസിയോ റൊമാനോ | Lionel Messi
ഫുട്ബോൾ ലോകത്ത് നിലവിലുള്ള ട്രാൻസ്ഫർ എക്സ്പെർട്ടുകളിൽ ഏറ്റവും മികച്ചയാൾ ആരെന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഫാബ്രിസിയോ റൊമാനോ എന്നു തന്നെയാകും. വളരെ കൃത്യമായ വിവരങ്ങളാണ് അദ്ദേഹം ഫുട്ബോളുമായി ബന്ധപ്പെട്ടു നൽകാറുള്ളത്. എന്റെ ഭാര്യക്ക് പോലും അറിയാത്ത കാര്യങ്ങൾ വരെ ഫാബ്രിസിയോ റൊമാനോക്ക് അറിയുമെന്ന് ഒരു ഫുട്ബോൾ താരം പ്രതികരിച്ചത് അദ്ദേഹം നൽകുന്ന വിവരങ്ങളുടെ ആധികാരികത വെളിപ്പെടുത്തുന്നു.
ലയണൽ മെസിക്ക് പിഎസ്ജി വിലക്ക് നൽകിയതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്പോൾ നൽകിയ വിവരങ്ങൾ ഫുട്ബോൾ ലോകത്ത് ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഒന്നാണ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിനു ലയണൽ മെസിക്ക് പിഎസ്ജി വിലക്ക് നൽകിയത് ക്ലബിനു മേലെ ഒരു താരവും ഇല്ലെന്ന വ്യക്തമായ സന്ദേശം നൽകുന്നതിന് വേണ്ടിയാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അതിനു ശേഷം മെസിയുടെ ഭാഗത്തു നിന്നും ഇതേക്കുറിച്ച് ലഭിച്ച വിവരങ്ങളും റൊമാനോ വെളിപ്പെടുത്തി.
🚨Fabrizio Romano: “Leo Messi knew he had 2-3 days after the match to travel and he communicated with the club…
— Sara 🦋 (@SaraFCBi) May 3, 2023
When he was ALREADY on the plane, PSG had a change of plans” pic.twitter.com/YHH39RBtan
ലോറിയന്റുമായുള്ള മത്സരത്തിന് ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ അവധി ആയിരിക്കുമെന്നു ലയണൽ മെസിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് തിങ്കളാഴ്ച സൗദിയിലേക്ക് പോകാമെന്ന് താരം തീരുമാനിച്ചത്. എന്നാൽ സൗദിയിലേക്ക് വിമാനം കയറിയ സമയത്ത് പിഎസ്ജി പദ്ധതികൾ മാറ്റി അടുത്ത ദിവസം പരിശീലന സെഷൻ വെക്കാൻ തീരുമാനിച്ചു. അപ്പോൾ തിരിച്ചു വരികയെന്നത് മെസിയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ലയണൽ മെസി പിഎസ്ജിയിൽ യാതൊരു കുഴപ്പവും ഇതുവരെയും ഉണ്ടാക്കിയിട്ടില്ല എന്നും തികഞ്ഞ പ്രൊഫെഷനലായാണ് ക്ലബിൽ നിന്നിരുന്നതെന്നും അവർ പറയുന്നു. പിഎസ്ജിക്ക് വേണ്ടി സൗദി പ്ലാൻ രണ്ടു തവണ മെസി മാറ്റി വെച്ചതിനാൽ തന്നെ ഇപ്പോഴത്തെ തീരുമാനം അവിശ്വസനീയമായ ഒന്നായാണ് മെസിയുടെ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വെളിപ്പെടുത്തലുകളിൽ നിന്നും മെസിയോട് ആസൂത്രിതമായ പ്രതികാരം പിഎസ്ജി നടത്തിയെന്നാണ് വ്യക്തമാകുന്നത്.
നിലവിൽ പിഎസ്ജി താരമാണെങ്കിലും ഈ സീസണിന് ശേഷം മെസി പിഎസ്ജിയിൽ തുടരുമെന്ന കാര്യത്തിൽ ഉറപ്പില്ല. ബാഴ്സലോണയിലേക്ക് തിരിച്ചു പോകാനുള്ള ശ്രമം താരം നടത്തുകയാണ്. പിഎസ്ജി താരത്തിനായി പുതിയ കരാർ നൽകിയെങ്കിലും ഇതുവരെയും മെസി അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിന്റെ രോഷം പിഎസ്ജി നേതൃത്വത്തിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ബാഴ്സലോണയും പിഎസ്ജിയും തമ്മിലുള്ള ശീതസമരവും പണ്ടേ പ്രസിദ്ധമാണ്.
Fabrizio Romano Offered Different Point Of View About Lionel Messi Suspension